യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമം; രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കോണ്‍ഗ്രസ്
കല്‍പ്പറ്റ:യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാന്‍ ജില്ലാ കോണ്‍ഗ്രസ് ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതരോടുള്ള കേന്ദ്ര-കേരള സര്‍ക്കാരുകളുടെ അവഗണനക്കെതിരെ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിനിടെയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അതിക്രൂരമായ മര്‍ദ്ദനത്തിനിരയാക്കിയത്. പൊലീസിനുള്ളിലെ ഇടതുസംഘപരിവാര്‍ ഗുണ്ടകളാണ് ഇതിന് നേതൃത്വം നല്‍കിയിരിക്കുന്നത്. യൂത്ത്കോണ്‍ഗ്രസ് നേതാക്കളില്‍ പലരെയും പേര് വിളിച്ച് മുന്‍കൂര്‍ വൈരാഗ്യമുള്ളത് പോലെയാണ് മര്‍ദ്ദനത്തിനിരയാക്കിയത്. ഈ പൊലീസുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍പ്പെട്ടവരുടെ പുനരധിവാസം ഉള്‍പ്പെടെ നടപ്പിലാക്കുന്നതിനായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ കേരളത്തിലെ എം പിമാര്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ കണ്ടത് യോഗം സ്വാഗതം ചെയ്തു. പ്രിയങ്കാഗാന്ധിയുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് വയനാട് ദുരന്തം അതീവഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറായതെന്നും യോഗം ചൂണ്ടിക്കാട്ടി. രാത്രിയാത്രാ നിരോധനവുമായി ബന്ധപ്പെട്ട് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ചെയ്തത് പോലെ രാജ്യത്തെ ഏറ്റവും പ്രഗത്ഭരായ അഭിഭാഷകരെ സുപ്രീം കോടതിയിലെ കേസിന്റെ ചുമതല ഏല്‍പിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്നും യോഗം ആവശ്യപ്പെട്ടു. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍ അധ്യക്ഷനായിരുന്നു. അഡ്വ. ടി സിദ്ധിഖ് എം എല്‍ എ യോഗം ഉദ്ഘാടനം ചെയ്തു. പി കെ ജയലക്ഷ്മി, പി പി ആലി, കെ ഇ വിനയന്‍, സി പി വര്‍ഗീസ്, കെ വി പോക്കര്‍ഹാജി, ഒ വി അപ്പച്ചന്‍, എം എ ജോസഫ്, സംഷാദ് മരക്കാര്‍, എം ജി ബിജു, നജീബ് കരണി, ബിനു തോമസ്, പി വി ജോര്‍ജ്, ഒ ആര്‍ രഘു, സില്‍വി തോമസ്, ബീന ജോസ്, പി കെ അബ്ദുറഹ്‌മാന്‍, ശ്രീകാന്ത് പട്ടയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.





Leave a Reply