വാഹനാപകടങ്ങൾ പതിവുസംഭവമായി കാപ്പംകൊല്ലി ജംഗ്ഷൻ
മേപ്പാടി: കാപ്പംകൊല്ലി ജംക്ഷന്റെ പേരു മാറ്റി ആളെ കൊല്ലി ജംക്‌ഷൻ എന്നാക്കേണ്ടി വരുമോയെന്ന ആശങ്കയിലാണു നാട്ടുകാർ. രണ്ടു പ്രധാന റോഡുകൾ കൂടിച്ചേരുന്ന കവലയിലാണു വാഹനാപകടങ്ങൾ പതിവുസംഭവമായത്. കൽപറ്റയിൽ നിന്നുള്ള റോഡ് ദേശീയപാതയിൽ നിന്നു മേപ്പാടിക്കുള്ള റോഡിൽ ചേരുന്നത് കാപ്പംകൊല്ലി ജംക്ഷനിൽ വച്ചാണ്. ദേശീയ പാതയിൽ നിന്നു തിരിഞ്ഞു മേപ്പാടി ഭാഗത്തേക്കു വരുന്ന വാഹനങ്ങളും കൽപറ്റയിൽ നിന്നു വരുന്ന വാഹനങ്ങളും മേപ്പാടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങളും തമ്മിലിടിച്ചാണ് അപകടങ്ങളുണ്ടാകുന്നത്.
ഒരു മാസത്തിനിടെ 3 അപകടങ്ങളാണ് ഇവിടെയുണ്ടായത്. കഴിഞ്ഞ ദിവസവും കാറും സ്‌കൂട്ടറുമിടിച്ച് അപകടമുണ്ടായിരുന്നു. മാസങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ 2 കോളജ് വിദ്യാർഥികൾ അപകട സ്‌ഥലത്തു തന്നെ മരിച്ചിരുന്നു. ഊട്ടി ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾക്കു കൽപറ്റയിൽ നിന്നും കോഴിക്കോടു നിന്നും വരുന്ന വാഹനങ്ങൾ എങ്ങോട്ടു തിരിയുമെന്ന സംശയം ഉണ്ടാകുന്നതും കോഴിക്കോടു നിന്നും കൽപറ്റയിൽ നിന്നും വരുന്ന വാഹനങ്ങൾ അപ്രതീക്ഷിതമായി യൂ ടേൺ എടുക്കുന്നതുമാണ് അപകടത്തിനിടയാക്കുന്നത്. ഇൻഡിലേ പോലും ഇടാതെയാണ് ചില വാഹനങ്ങൾ ജംക്‌ഷനിൽ നിന്നു തിരിഞ്ഞു പോകുന്നതെന്നു നാട്ടുകാർ പറയുന്നു.
ചെമ്പ്ര പീക്ക്, കാന്തൻപാറ, തൊള്ളായിരം കണ്ടി, സൂചിപ്പാറ തുടങ്ങിയ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള സഞ്ചാരികൾ ഇതു വഴിയാണ് പോകുന്നത്. ടൂറിസം സീസണിൽ വാഹനങ്ങൾ കൂടുമ്പോൾ ഉണ്ടാവുന്ന ഗതാഗതക്കുരുക്ക് നിയന്ത്രിക്കുന്നതു നാട്ടുകാരാണ്. പിഡബ്ല്യുഡി അധികൃതരോടും പൊലീസിനോടും ജനപ്രതിനിധികളോടും പല തവണ പരാതി പറഞ്ഞിട്ടും ബാരിക്കേഡുകൾ സ്‌ഥാപിച്ചതല്ലാതെ മറ്റു നടപടികൾ ഉണ്ടായിട്ടില്ല. ജംക്ഷനിൽ റോഡിന് ആവശ്യത്തിനു വീതിയും പിഡബ്ല്യുഡിക്ക് സ്ഥലവുമുണ്ട്. അതുപയോഗിച്ച് ട്രാഫിക് സിഗ്നൽ സംവിധാനങ്ങൾനിർമിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
Leave a Reply