അനധികൃതമെങ്കിൽ പൊളിക്കും; ഏഴ് റിസോർട്ടുകൾ പൊളിച്ചുനീക്കാൻ ഉത്തരവ്
കൽപ്പറ്റ: നെൻമേനി പഞ്ചായത്തിലെ അമ്പുകുത്തിമലയിൽ പ്രകൃതിദുരന്തസാധ്യതാമേഖലയിൽ പ്രവർത്തിക്കുന്നുവെന്നു കണ്ടെത്തിയ ഏഴ് റിസോർട്ടും അനുബന്ധ നിർമിതികളും പൊളിച്ചുനീക്കാൻ ഉത്തരവ്.
അമ്പുകുത്തി ഈഗിൾ നെസ്റ്റ് റിസോർട്ട്, റോക്ക് വില്ല റിസോർട്ട്, എടക്കൽ വില്ലേജ് റിസോർട്ട്, അസ്റ്റർ ഗ്രാവിറ്റി റിസോർട്ട്, നാച്യുറിയ റിസോർട്ട്, ആർജി ഡ്യു റിസോർട്ട്, ഗോൾഡൻ ഫോർട്ട് റിസോർട്ട് എന്നിവയും നീന്തൽക്കുളം ഉൾപ്പെടെ മറ്റു നിർമിതികളും പൊളിച്ചുമാറ്റാൻ സബ് കളക്ടർ മിസൽ സാഗർ ഭരതാണ് ഉത്തരവായത്.
ഉത്തരവ് ലഭിച്ച് 15 ദിവസത്തിനകം നിർമിതികൾ പൊളിക്കണമെന്നാണ് സബ് കളക്ടറുടെ നിർദേശം.
പൊളിക്കാതിരിക്കുന്നതിനു കാരണമുണ്ടെങ്കിൽ ജനുവരി എട്ടിനു രാവിലെ 11 നകം ബോധ്യപ്പെടുത്തണം. അമ്പുകുത്തിമലയിലെ അനധികൃത നിർമാണം സംബന്ധിച്ച് സെപ്റ്റംബർ 28ലെ ജില്ലാ വികസന സമിതി യോഗത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിലാണ് സബ് കളക്ടർ വിഷയത്തിൽ ഇടപെട്ടത്.
അനധികൃതൃത നിർമാണം സംബന്ധിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിന് ബത്തേരി തഹസിൽദാർ, ജില്ലാ ജിയോളജിസ്റ്റ്, ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ചെറുകിട ജലസേചന വിഭാഗം എക്‌സിക്യൂട്ടീവ് എൻജിനിയർ എന്നിവരടങ്ങുന്ന സമിതിയെ സബ് കളക്ടർ നിയോഗിച്ചിരുന്നു. സമിതി തയാറാക്കിയ റിപ്പോർട്ട് തഹദിൽദാർ ഡിസംബർ 12ന് സമർപ്പിച്ചു. അമ്പുകുത്തിമലയിൽ ഏഴ് റിസോർട്ടുകൾ പ്രകൃതി ദുരന്ത സാധ്യതാ മേഖലയിലാണെന്നു ഇതിൽ ചൂണ്ടിക്കാട്ടിയിരുന്നു. നിർമിതികൾ പ്രദേശത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും പൊളിച്ചുനീക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്‌തിരുന്നു. റിസോർട്ടുകളും അനുബന്ധ നിർമിതികളും പൊളിച്ചുതുടങ്ങുമ്പോഴും പൂർത്തിയാകുമ്പോഴുമുള്ള സാഹചര്യം റിപ്പോർച്ച് ചെയ്യാൻ നെൻമേനി വില്ലേജ് ഓഫീസറെ കളക്ടർ ചുമതലപ്പെടുത്തിയിട്ടുണ്ട്.
Leave a Reply