തൊഴിലാളി ക്ഷാമം മൂലം വിളവെടുക്കാൻ കഴിയാതെ ഉണങ്ങി കൊഴിയുന്നു
കൽപറ്റ :പഴുത്ത കാപ്പിക്കുരു തൊഴിലാളി ക്ഷാമം മൂലം വിളവെടുക്കാൻ കഴിയാതെ ഉണങ്ങി കൊഴിയുന്നു. മരപ്പട്ടിയും കുരങ്ങും കാപ്പിക്കുരുക്കൾ തല്ലിപ്പറിച്ചു നശിപ്പിക്കുന്നതും മോഷ്ടാക്കളുടെ ശല്യം രൂക്ഷമാകുന്നതും വിലവർധനയുടെ കാലത്തും കർഷകരെ പ്രതിസന്ധിയിലാക്കുകയാണ്. പച്ച കാപ്പിക്കുരുവിന് അടക്കം നല്ല വിലയുള്ള സമയത്ത് കാപ്പിക്കുരു വിളവെടുക്കാൻ ആളില്ലാത്തതിനാൽ മോഷ്ടാക്കൾക്ക് ലോട്ടറിയടിച്ച അവസ്ഥയാണിപ്പോൾ.
പച്ച കാപ്പി എടുക്കാൻ കച്ചവടക്കാർ ഉള്ളതിനാൽ മൂന്നോ നാലോ കാപ്പിയിൽ നിന്ന് കുരു മോഷ്‌ടിച്ച് കച്ചവടക്കാർക്ക് നൽകിയാൽ തന്നെ അത്യാവശ്യം ചെലവിനുള്ള തുക ലഭിക്കും. ഇതുമുതലെടുത്ത് കാപ്പിത്തോട്ടങ്ങളിൽ മോഷണം വ്യാപകമായിരിക്കുകയാണ്. പച്ച കാപ്പിക്കുരു മോഷണം ഏറിയതോടെ വൻകിട തോട്ടങ്ങളിൽ കർഷകന് രാപകൽ കാവൽ നിൽക്കേണ്ട അവസ്‌ഥയാണ്. കഴിഞ്ഞദിവസം നടവയൽ പ്രദേശത്തെ ഒരു കർഷകന്റെ കാപ്പിത്തോട്ടത്തിൽ നിന്ന് പറിച്ചു കെട്ടിവച്ച നിലയിൽ 4 പ്ലാസ്റ്റിക് ചാക്ക് കാപ്പിക്കുരു ലഭിച്ചിരുന്നു.
ഇതോടെ ഉടമ തോട്ടത്തിൽ വളർത്തുനായ്ക്കളെ കെട്ടി കാവൽ ശക്തമാക്കിയിരിക്കുകയാണ്. വിളവെടുപ്പ് കാലത്ത് തൊഴിലുറപ്പ് പണികൾ നിർത്തിവച്ചു തൊഴിലാളികളെ ലഭ്യമാക്കണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നില്ല.
മോഷ്ടാക്കൾക്ക് പുറമേ കുരങ്ങ്അടക്കമുള്ളവയുടെ ശല്യം മൂലം ഗ്രാമീണ മേഖലയിലും വനാതിർത്തിയോട് ചേർന്ന ഭാഗത്തെ കർഷകരും ഏറെ ദുരിതത്തിലാണ്. പഴുത്തു പാകമായ കാപ്പിക്കുരു വിളവെടുക്കാത്തതിനാൽ കാപ്പിക്കുരു ഉണങ്ങി പൊട്ടി പരിപ്പു വേർപെട്ടു കൊഴിയുന്നു.
വിളവെടുപ്പ് ആരംഭിക്കാനിരിക്കെ മഴ എത്തിയതും ഇരുട്ടടിയായി. ഒട്ടേറെ കർഷകരുടെ പഴുത്തു പാകമായ കാപ്പിക്കുരു മഴയിൽ കൊഴിഞ്ഞുവീണു നശിച്ചു.കൂടാതെ കീടങ്ങളുടെ ആക്രമണവും കർഷകരെ ദുരിതത്തിലാക്കുകയാണ്. വിളവെടുത്ത കാപ്പിക്കുരു മഴയും മൂടലും മൂലം ഉണക്കിയെടുക്കാനും സാധിക്കുന്നില്ലെന്നു കർഷകർ പറയുന്നു. കാപ്പി ഒരുമിച്ച് പഴുക്കാൻ നല്ല വെയിൽ ആവശ്യമാണ്. എന്നാൽമൂടിക്കിടക്കുന്ന കാലാവസ്‌ഥ മൂലം കാപ്പി പല രീതിയിലാണു പഴുക്കുന്നത്.
Leave a Reply