സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണരുന്നു
കല്‍പറ്റ: സഞ്ചാരികള്‍ എത്തി തുടങ്ങിയതോടെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഉണരുന്നു. ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങളിലാണ് ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കാണുന്നതിനും, ആസ്വദിക്കുന്നതിനുമായി സന്ദര്‍ശകരെത്തി തുടങ്ങിയത്. മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ വിനോദ സഞ്ചാരികളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞിരുന്നു. കഴിഞ്ഞ ദിവസങ്ങളിലടക്കം ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെല്ലാം കൂടുതല്‍ സന്ദര്‍ശകരെത്തി. ജലസേചന വകുപ്പിന് കീഴിലുള്ള കാരാപ്പുഴ ഡാം, കെഎസ്ഇബിക്ക് കീഴിലുള്ള ബാണാസുര സാഗര്‍ ഡാം എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിലെല്ലാം നാലായിരത്തിലേറെ പേരാണ് ദിവസേന സന്ദര്‍ശകരായി എത്തിയത്.
ഡിടിപിസിയുടെ പ്രധാന കേന്ദ്രമായ പൂക്കാട് തടാകത്തില്‍ കഴിഞ്ഞ നാല് ദിവസങ്ങള്‍ കൊണ്ട് സന്ദര്‍ശനം നടത്തിയത് ഇരുപതിനായിരത്തിലേറെ പേരാണ്. 24ന് 4673 പേരും 25, 26, 27 തീയതികളില്‍ അയ്യായിരത്തിലേറെ പേരുമാണ് പൂക്കോട് തടാകത്തിലെത്തിയത്. എടയ്ക്കല്‍ ഗുഹയില്‍ കഴിഞ്ഞ 4 ദിവസങ്ങളിലായി 7680 പേരെത്തി. 1920 പേര്‍ക്ക് മാത്രമേ ഒരു ദിവസം ഇവിടെ പ്രവേശനമുള്ളൂ. കഴിഞ്ഞ ദിവസങ്ങളിലും പ്രവേശിക്കാന്‍ കഴിയാതെ ഒട്ടേറെ വിനോദ സഞ്ചാരികള്‍ മടങ്ങി. കര്‍ലാട് തടാകത്തില്‍ കഴിഞ്ഞ 24 മുതല്‍ ഇന്നലെ വരെ നാലായിരത്തിലേറെ പേരാണ് എത്തിയത്. ഡിടിപിസിയുടെ കീഴിലുള്ള ഹെറിറ്റേജ് മ്യൂസിയം, ചീങ്ങേരി പാറ, ബത്തേരി ടൗണ്‍ സ്‌ക്വയര്‍, കാന്തന്‍പാറ വെള്ളച്ചാട്ടം, കുറുവാ ദ്വീപ്, പഴശ്ശി മ്യൂസിയം തുടങ്ങിയ കേന്ദ്രങ്ങളിലെല്ലാം കഴിഞ്ഞ ദിവസങ്ങളിലായി സന്ദര്‍ശകരുടെ എണ്ണവും വര്‍ധിച്ചു.
ഔദ്യോഗികമല്ലാത്ത നെല്ലാറചാല്‍ വ്യൂ പോയിന്റ്, മഞ്ഞപ്പാറ, ഫാന്റം റോക്ക് തുടങ്ങിയ ഇടങ്ങളിലെല്ലാം നിരവധി സന്ദര്‍ശകരാണ് എത്തുന്നത്. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലെങ്കിലും ഈ പ്രദേശങ്ങളെല്ലാം എല്ലാ ദിവസങ്ങളിലും വിനോദ സഞ്ചാരികളെത്താറുണ്ട്. ശനി, ഞായര്‍ ദിവസങ്ങളിലും അവധി ദിവസങ്ങളിലും കൂടുതല്‍ പേരെത്തും. വിനോദ സഞ്ചാരികളെത്തിയതോടെ വിനോദ സഞ്ചാര കേന്ദ്രങ്ങളോട് ചേര്‍ന്നു പ്രവര്‍ത്തികക്കുന്ന വ്യാപാര സ്ഥാപനങ്ങളിലും കച്ചവടം വര്‍ധിച്ചു. റിസോര്‍ട്ടുകള്‍, ഹോംസ്‌റ്റേ, വില്ലകള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ അവധി ആഘോഷിക്കാനെത്തിയവരുടെ എണ്ണവും വര്‍ധിച്ചത് ഈ മേഖലയിലുള്ളവര്‍ക്കും നേട്ടമായി. പുതുവര്‍ഷ ആഘോഷത്തിനായും റിസോര്‍ട്ടുകളും ഹോട്ടലുകളും ബുക്കിങ് നേരത്തെ ആരംഭിച്ചിട്ടുണ്ട്. മിക്കയിടങ്ങളിലും പുതുവര്‍ഷത്തിന് പ്രത്യേക പരിപാടികളും ആഘോഷങ്ങളും നടക്കുന്നുണ്ട്.
Leave a Reply