വിറ്റാൽ പണം ഉടനെ കിട്ടും; നെല്ല് മില്ലുകാർക്ക് കൊടുത്ത് കർഷകർ
പുൽപള്ളി : കർഷകർ കഷ്ടപ്പെട്ടു വിളയിക്കുന്ന നെല്ല് സർക്കാരിനു വിറ്റ പണത്തിനു കാത്തിരിപ്പേറിയതോടെ ഇക്കൊല്ലം നെല്ല്സംഭരണം പരാജയപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിലെ ദുരനുഭവം കണക്കിലെടുത്താണ് സംഭരണത്തോടു കർഷകർ മുഖംതിരിച്ചത്. ഒരുമണിപോലും കുറയ്ക്കാതെ മുഴുവൻ നെല്ലും സർക്കാരിനു നൽകിയവർക്ക് പണം ലഭിക്കാൻ 6 മാസംവരെ കാത്തിരിക്കേണ്ടിവന്നു. നെല്ലു കൊയ്യാനും മെതിക്കാനും ചെലവായ കാശുപോലും കർഷകരുടെ പക്കലുണ്ടായില്ല. സർക്കാർ ഉറപ്പിൽ നെല്ലുവില വായ്പയായിട്ടാണ് ബാങ്കുകൾ നൽകിയത്. സർക്കാർ വിഹിതം അടയ്ക്കാൻ കാലതാമസമുണ്ടായപ്പോൾ പലിശയും കൂട്ടുപലിശയും അടയ്ക്കാൻ ബാങ്കുകൾ നോട്ടിസ് നൽകിയെന്നും കർഷകർ പറയുന്നു.
ഇക്കൊല്ലം കൊയ്ത്തു പാടത്തുനിന്നു തന്നെ സ്വകാര്യമില്ലുകാരും കച്ചവടക്കാരും ഉപാധികളൊന്നുമില്ലാതെ നെല്ല് വാങ്ങി അതിന്റെ പണം റൊക്കം നൽകുന്നു. സംഭരണവില കിലോയ്ക്ക് 28 രൂപയുള്ളപ്പോൾ പൊതുവിപണി വില പരമാവധി 25 രൂപയാണ്. എന്നാലും റൊക്കം കാശു ലഭിക്കുന്നതാണ് കർഷകരുടെയിഷ്ടം. സർക്കാർ സംഭരണത്തിന് നെല്ലിന്റെ ഈർപ്പം പരിശോധിക്കാറുണ്ട്. സ്വകാര്യ വ്യാപാരത്തിൽ നെല്ല് ഉണങ്ങുകപോലും വേണ്ടെന്ന് കർഷകർ പറയുന്നു. ഈ വിധത്തിലുള്ള തൂക്കക്കുറവും പ്രശ്നമല്ല. കബനിക്കരയിൽ നിന്നു ലോഡുകണക്കിന് നെല്ലാണ് ദിവസേന പാലക്കാട്, തൃശൂർ ജില്ലകളിലെ അരിമില്ലുകളിലേക്കു പോകുന്നത്. നെല്ല് സംഭരണത്തിന് കേന്ദ്രവിഹിതം ലഭിക്കുമ്പോഴും സർക്കാർ ഓഹരി കൃത്യമായി വകയിരുത്താതെ സംഭരണം അവതാളത്തിലാക്കിയെന്നാണ് പരാതി.




Leave a Reply