അതിജീവനത്തിന്റെ ചുവടുകളുമായി വെള്ളാർമല സ്കൂളിലെ കുട്ടികൾ സംസ്ഥാന സ്കൂൾ കലോത്സവത്തിന്
മേപ്പാടി:നൂറ് കണക്കിന് ജീവനുകൾക്കൊപ്പം 33 സഹപാഠികൾ നഷ്ടമായ വയനാട് മുണ്ടക്കൈ ഉരുൾദുരന്തത്തിന്റെ നടുക്കുന്ന ഓർമകളെ വകഞ്ഞുമാറ്റിയാണ് മുണ്ടക്കൈയുടെ താഴ്വാരത്തെ ചൂരൽമലയിലൂടെയൊഴുകുന്ന പുന്നപ്പുഴയുടെ തീരത്തെ വിദ്യാലയത്തിന്‍റെ ഓര്‍മ്മകളിലെ വരികളുമായി സ്കൂളിലെ വിദ്യാർഥികള്‍ നൃത്ത ശിൽപം ഒരുക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തോടനുബന്ധിച്ച് ജനുവരി നാലിന് സെന്‍ട്രല്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ഔദ്യോഗിക ഉദ്ഘാടന ചടങ്ങുകള്‍ക്കൊപ്പമാണ് ഈ വിദ്യാലയത്തിന്‍റെ ഇന്നലെകളും ദുരന്താനന്തരമുള്ള അതിജീവന സ്വപ്നവും പങ്കുവയ്ക്കുന്ന നൃത്തശില്‍പം ചുവടുകളാകുക. നൃത്ത വരികള്‍ക്ക് സംഗീതം പകര്‍ന്നതും നൃത്തശില്‍പം ചിട്ടപ്പെടുത്തിയതും നൃത്തസംവിധായകനായ അനില്‍ വെട്ടിക്കാട്ടിരിയാണ്. നിലമ്പൂര്‍ വിജയലക്ഷ്മിയാണ് പാടിയത്. ഉരുൾ ദുരന്തത്തിനൻറെ നേരനുഭവമുള്ളവരടക്കം ഹൈസ്കൂള്‍ വിഭാഗത്തിലെ ഏഴ് കുട്ടികൾ ചേർന്നാണ് നൃത്ത ശിൽപമൊരുക്കുന്നത്. ഇവരുടെ 33 സഹപാഠികളെയാണ് ജൂലൈ 30 ന് ഇരുളിനൻറെ മറവിൽ ഉരുൾ കവർന്നത്. പ്രിയപ്പെട്ട സ്കൂളും പ്രകൃതിക്കലയിൽ ഇല്ലാതായി. നഷ്ടമായ ഉറ്റവരേയും അതിജീവന പാതയുമെല്ലാം വിഷയമാക്കിയാണ് നൃത്ത ശിൽപമൊരുങ്ങുന്നത്. ജില്ലാ കലോത്സവത്തിൽ നൃത്തമവതരിപ്പിച്ച കുരുന്നുകൾ തന്നെയാണ് നൃത്ത ശിൽപവുമായി ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലയുടെ ഉദ്ഘാടനം വേദിയിൽ എത്തുന്നത്. വെള്ളമാർമലയുടെ താഴ്വാരത്തൊരു വിദ്യാലയമുണ്ടേ എന്നു തുടങ്ങുന്ന വരികളിൽ ഇന്നലെയുടെ സൗന്ദര്യവും ദുരന്തങ്ങളുടെ നടുക്കുന്ന ഓർമകളും അതി ജീവനത്തിനസ്വപ്നങ്ങളുമെല്ലാം പറയുന്നുണ്ട്. ദുരന്ത ബാധിതരുടെ അതിജീവനത്തിനായുള്ള പോരാട്ടം കൗമാര കലോത്സവ വേദിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ മേപ്പാടിയിൽ പ്രവർത്തിക്കുന്ന വെള്ളാർമല ജി.വി.എച്ച്.എസ് ലെ വിദ്യാർഥികളും അധ്യാപകരും.




Leave a Reply