മകനെ കുടുക്കാൻ കടയിൽ കഞ്ചാവ് ഒളിപ്പിച്ച കേസിൽ ഒളിവിൽ പോയ കർണാടക സ്വദേശിയും പിടിയിൽ
മാനന്തവാടി: മകനോടുള്ള വൈരാഗ്യം മൂലം കടയിൽ കഞ്ചാവ് ഒളിപ്പിച്ച് പരാതി നൽകിയ സംഭവത്തിൽ പിതാവും സഹായിയും അറസ്റ്റിലായി.
കഴിഞ്ഞ സെപ്റ്റംബർ 6 ന് മാനന്തവാടി മൈസൂർ റോഡിലെ പി എ ബനാന എന്ന സ്ഥാപനത്തിൽ 2.095 കിലോഗ്രാം കഞ്ചാവ് കണ്ടെത്തിയ കേസിലാണ് ഈ അറസ്റ്റ്. കടയുടെ ഉടമയായ നൗഫലിന്റെ പിതാവും മുഖ്യപ്രതിയുമായ അബൂബക്കർ ഡിസംബർ 19ന് അറസ്റ്റിലായിരുന്നു.
ഇപ്പോൾ പിടികൂടിയ സദാശിവൻ (45) കർണാടകയിലെ എച്ച്ഡി കോട്ട സ്വദേശിയാണ്. അബൂബക്കറിനൊപ്പം ചേർന്ന് കടയിൽ കഞ്ചാവ് കൊണ്ടുവന്ന് ഒളിപ്പിച്ചയാളാണ് ഇയാൾ. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാളെ എക്സൈസ് അധികൃതർ നിരന്തരമായ അന്വേഷണത്തിനൊടുവിൽ പിടികൂടി.
ഈ അറസ്റ്റോടെ ഈ കേസിലെ എല്ലാ പ്രതികളെയും എക്സൈസ് കസ്റ്റഡിയിലെടുത്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സജിത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ സദാശിവനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.





Leave a Reply