August 23, 2026

പനമരം ഗവ.നഴ്സിങ്‌ സ്കൂളിന്റെ അംഗീകാരം തുലാസിൽ ; വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയകറ്റണം -ഇ.ഉസ്മാൻ

0
Img 20250206 103058
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി: പനമരം ഗവണ്മെന്റ് നഴ്സിങ്‌ സ്കൂളിലെ ശോച്യാവസ്ഥ മൂലം ഇന്ത്യൻ നേഴ്സിങ് കൗൺസിലിന്റെ അംഗീകാരം നഷ്ടപ്പെടുമെന്നുള്ള വാർത്ത വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണെന്നും അത്‌ പരിഹരിക്കാനാവശ്യമായ നടപടികൾ സർക്കാർ കൈ കൊള്ളണമെന്നും എസ്ഡിപിഐ വയനാട് ജില്ലാ പ്രവർത്തക സമിതിയംഗം ഇ.ഉസ്മാൻ.
മാനന്തവാടി മണ്ഡലം യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്ന് ബാച്ചുകളിലായി എഴുപതിലധികം വിദ്യാർത്ഥികൾക്ക് പഠനം നടത്താൻ ആവശ്യമായ ഭൗതിക സാഹചര്യം നിലവിൽ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിൽ ഇല്ല.ഇവിടെ പരിശോധന നടത്തിയ ഐഎൻസി അധികൃതർ പരിമിതികൾ കണ്ടെത്തി റിപ്പോർട്ട്‌ ചെയ്തിരുന്നു.
എന്നാൽ അത്‌ പരിഹരിക്കാനുള്ള നടപടികൾ അധികൃതർ കൈ കൊണ്ടില്ല.
സ്കൂളിന് വേണ്ടി മാനന്തവാടി മെഡിക്കൽ കോളേജിന് സമീപം നിർമിച്ച കെട്ടിടം താത്കാലികമായി മെഡിക്കൽ കോളേജിന് കൈമാറിയിരിക്കുകയാണ്.ഒന്നുകിൽ അത്‌ തിരിച്ചു നഴ്സിങ്‌ സ്കൂളിന് കൈ മാറുകയോ അതല്ലെങ്കിൽ നിലവിൽ സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന കെട്ടിടത്തിനു സമീപം സ്ഥലം കണ്ടെത്തി നിലവിലെ സ്കൂൾ വിപുലപ്പെടുത്തുകയോ ചെയ്ത് ഐഎൻസിയുടെ അംഗീകാരം നിലനിർത്താനുള്ള നടപടികൾ സർക്കാർ അടിയന്തരമായി കൈകൊള്ളണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ചു.ജില്ലാ പ്രവർത്തക സമിതിയംഗം അഫ്സൽ തരുവണ,മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ, സെക്രട്ടറി സജീർ എം.ടി,ഓർഗനൈസിംഗ് സെക്രട്ടറി സകരിയ്യ തലപ്പുഴ, ട്രഷറർ റഷീദ് ബാലുശ്ശേരി, കമ്മിറ്റിയംഗം സാദിഖ് വി, പഞ്ചായത്ത് ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *