ക്വാറിക്കെതിരെ പ്രതിഷേധിച്ച പുരോഹിതനെ ലോറി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമം
പുൽപ്പള്ളി: ക്വാറിക്കെതിരെ പ്രതിഷേധിച്ച പുരോഹിതനെ ലോറി ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതായി പരാതി. ഫാ. ബിബിൻ കുന്നേലിനെയും ഷൈജുവിനെയുമാണ് ലോറി ഇടിച്ചു കൊല്ലാൻ ശ്രമിച്ചത്. സംഭവത്തിൽ ഇരുവരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ക്വാറിയിലേക്ക് പോവുകയായിരുന്ന ലോറികൾ നാട്ടുകാർ തടഞ്ഞതാണ് പ്രശ്നങ്ങളുടെ തുടക്കം. റോഡിലെ പൊടിശല്യം പരിഹരിക്കണമെന്നും പഞ്ചായത്ത് അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചർച്ചയിൽ ചില ധാരണകൾ ആയെങ്കിലും ക്വാറി ഉടമകൾ അത് ലംഘിച്ചു. ഇതേ തുടർന്ന് ഫാ. ബിബിൻ കുന്നേലിന്റെ നേതൃത്വത്തിൽ നാട്ടുകാർ ലോറി തടഞ്ഞു. ഇതിനിടെയാണ് ലോറി മുന്നോട്ടെടുത്ത് ഫാ. ബിബിൻ കുന്നേലിനെയും ഷൈജുവിനെയും കൊല്ലാൻ ശ്രമിച്ചത്. നാട്ടുകാർ ഓടിക്കൂടിയതോടെയാണ് ലോറി നിർത്തിയത്. തുടർന്ന് നാട്ടുകാർ വലിയ പ്രതിഷേധമുയർത്തി. പ്രതിഷേധം ശക്തമായതോടെ ഡ്രൈവർ ലോറിയുമായി കടന്നുകളഞ്ഞു.





Leave a Reply