മിഹിര്‍ജീവനൊടുക്കിയ സംഭവം: പ്രതികളെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ ഗുരുതര വീഴ്ച: അഡ്വ. ടി സിദ്ധിഖ് എ എല്‍ എ
കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥിയും മുട്ടില്‍ സ്വദേശിയുമായ മിഹിര്‍ അഹമ്മദ് മരിച്ചിട്ട് ഒരു മാസം പിന്നിടുമ്പോഴും കാരണക്കാരായവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാത്തത് പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയും കൃത്യവിലോപവുമാണെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചോറ്റാനിക്കരയിലെ പബ്ലിക് സ്‌കൂളില്‍ പഠിക്കുകയായിരുന്ന മിഹിര്‍ അഹമ്മദിനെ മരണത്തിലേക്ക് നയിച്ചത് ക്രൂരമായ റാംഗിഗാണെന്ന് മാതാപിതാക്കള്‍ക്കും, വകുപ്പുതല അന്വേഷണത്തിലും ക്യത്യമായി ബോധ്യപ്പെട്ടതാണ്. എന്നാല്‍ ഇത്രയും ദിവസമായിട്ടും ഒരാളെ പോലും പിടികൂടാന്‍ സാധിക്കാത്തത് പൊലീസിന്റെ ഗുരുതര പാളിച്ചയാണ്. പ്രസ്തുത സംഭവവുമായി ബന്ധപ്പെട്ട് ഹില്‍പാലസ്, പുത്തന്‍കുരിശ് സ്റ്റേഷനുകളിലായി രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളുമായി ബന്ധപ്പെട്ട് കുട്ടിയുടെ മാതാപിതാക്കള്‍ എറണാകുളം സ്റ്റേഷനിലെത്തി മകന്‍ പീഡിപ്പിക്കപ്പെട്ടുവെന്ന കാര്യം, അവന്റെ സുഹൃത്തുക്കളടക്കം പറഞ്ഞത് പൊലീസിന് മൊഴി കൊടുത്തിരുന്നു. എന്നാല്‍ ഇത് വാമൊഴിയായി മാത്രമെ എടുക്കാവൂ, മറിച്ച് തെളിവായി എടുക്കാനാവില്ലെന്നാണ് പൊലീസ് പറഞ്ഞത്. ഈ കേസുമായി ബന്ധപ്പെട്ട് അതീവ ഗുരുതരവും സംശയാസ്പദമായ പല സാഹചര്യങ്ങളുമാണുണ്ടായിട്ടുള്ളത്. ജസ്റ്റിസ് ഫോര്‍ മിഹിര്‍ എന്ന പേരില്‍ വാട്ട്‌സ്ആപ്പ് കൂട്ടായ്മയുണ്ടാക്കി 24 മണിക്കൂറിനുള്ളില്‍ ആ ഗ്രൂപ്പ് ഡീലീറ്റ് ചെയ്തു. മിഹിറിന് ഏറ്റുവാങ്ങേണ്ടി വന്ന ക്രൂരമായ പീഡനവുമായി ബന്ധപ്പെട്ട് ക്ലോസറ്റില്‍ മുഖം പൂഴ്ത്തി ഫ്‌ളഷ് ചെയ്തതുള്‍പ്പെടെയുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ അടങ്ങിയ മെസേജുകളാണ് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിട്ടുള്ളത്. ഇനിയും ഈ കേസിലെ പ്രതികളെ പിടിക്കാതെ ഒരിഞ്ച് മുന്നോട്ടുപോകാനാവില്ലെന്നും എം എല്‍ എ പറഞ്ഞു. പൊലീസ് മുഴുവന്‍ പ്രതികളെയും രക്ഷിക്കാനുള്ള ശ്രമമവുമായാണ് മുന്നോട്ടുപോകുന്നത്. മിഹിറിന്റെ കുടുംബാംഗങ്ങളെ കാണുകയും, ഡി ജി പിയെ നേരിട്ടുവിളിച്ച് അതീവഗുരുതരമായ കേസാണെന്നും, ക്യത്യമായ അന്വേഷണം നടക്കുന്നില്ലെന്നും ബോധ്യപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയെ കണ്ട് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തും. പല ക്യാമ്പസുകളിലും ലഹരിയും റാഗിംഗും വ്യാപകമാണ്. മാനേജമെന്റ് അറിഞ്ഞിട്ടും അറിയാത്തഭാവം നടിക്കുന്നതാണ് കാണാനാവുന്നത്. പല കോളജുകളിലും ആന്റി റാംഗിംഗ് സെല്ലുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ സാഹചര്യത്തില്‍ റാഗിംഗുമായി ബന്ധപ്പെട്ട നിയമങ്ങളില്‍ ഭേദഗതി വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൂക്കോട് സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികളെ സംരക്ഷിക്കാന്‍ ഇപ്പോഴും ശ്രമം നടക്കുകയാണെന്നും സിദ്ധിഖ് പറഞ്ഞു.





Leave a Reply