നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ മൊബൈൽ ആപ്പ് പരിശീലനവുമായി ഹരിതകേരളം മിഷൻ
കൽപ്പറ്റ :ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്തു നടപ്പാക്കുന്ന നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ എന്ന ക്യാമ്പയിന്റെ ഭാഗമായി തയ്യാറാക്കിയ മൊബൈൽ ആപ്ലിക്കേഷന്റെ പ്രായോഗിക പരിശീലന പരിപാടിയുടെ ഉദ്ഘാടനം നവകേരളം കർമപദ്ധതി സംസ്ഥാന കോർഡിനേറ്ററും ഹരിതകേരളം മിഷൻ വൈസ് ചെയർപേഴ്സണുമായ ഡോ. ടി.എൻ. സീമ നിർവ്വഹിച്ചു.
തിരുവനന്തപുരം കരകുളം ഗ്രാമീണ പഠനകേന്ദ്രത്തിൽ നടന്ന പരിപാടിയിൽ നവകേരളം കർമപദ്ധതി അസി. കോർഡിനേറ്റർ ടി.പി. സുധാകരൻ സ്വാഗതം ആശംസിച്ചു. നവകേരളം കർമപദ്ധതി പ്രോഗ്രാം ഓഫിസർ, വി. രാജേന്ദ്രൻ നായർ, ഹരിതകേരളം മിഷൻ അസി. കോർഡിനേറ്റർ സഞ്ജീവ് എസ്.യു. എന്നിവർ ശുചിത്വം, പരിസ്ഥിതി സംരക്ഷണം എന്നിവ മുൻനിർത്തിയുള്ള ഹരിതകേരളം മിഷൻ, നെറ്റ് സീറോ കാർബൺ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
പരിശീലനത്തിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗം സംബന്ധിച്ച് കരകുളം ഗ്രാമപഞ്ചായത്തിലെ 15 സ്ഥാപനങ്ങൾ സന്ദർശിച്ച് പൈലറ്റ് ഫീൽഡ് സർവേയും പ്രായോഗിക പരിശീലനവും നൽകും. ഈ സ്ഥാപനങ്ങളിൽ നിന്ന് നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ – മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ചുള്ള വിവരശേഖരണവും നടത്തും. പൊതുജനങ്ങൾക്കും സ്ഥാപനങ്ങൾക്കും വിവരശേഖരണത്തിനും നവീകരണ നിർദേശങ്ങൾ നൽകുന്നതിനും ഉപകാരപ്പെടുന്ന നൂതന മാർഗ്ഗങ്ങൾ ഒരുക്കും. കേരള ഡിജിറ്റൽ യൂണിവേഴ്‌സിറ്റിയിലെ സീനിയർ ആൻഡ്രോയ്ഡ് ഡെവലപ്പർമാരായ ലാൽ, സുചീന്ദ്രകുമാർ എന്നിവർ മൊബൈൽ ആപ്ലിക്കേഷനെ പരിചയപ്പെടുത്തിയത്.
സംസ്ഥാനത്ത് തിരഞ്ഞെടുത്ത 151 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് നെറ്റ് സീറോ കാർബൺ ക്യാമ്പയിൻ നടത്തുന്നത്. ആദ്യഘട്ടമായി മാർച്ച് 15 നകം ജില്ലകളിൽ നിന്ന് തെരഞ്ഞെടുക്കുന്ന 30 സ്ഥാപനങ്ങളുടെ വിവര ശേഖരണം നെറ്റ് സീറോ മൊബൈൽ ആപ്പ് ഉപയോഗിച്ച് ശേഖരിച്ച് തുടർ നടപടികൾ ആസൂത്രണം ചെയ്യും. സംസ്ഥാനത്ത് വിവിധ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ നെറ്റ് സീറോ ഈ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുവരുന്ന ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺമാർ, ഇന്റേൺഷിപ് ട്രെയിനിമാർ എന്നിവരെ പങ്കെടുപ്പിച്ചാണ് ദ്വിദിന പരിശീലനപരിപാടി സംഘടിപ്പിച്ചത്.





Leave a Reply