ക്രൈം മാപ്പിങ് സർവ്വെ: സ്ത്രീ സൗഹൃദ ഇടങ്ങൾ സൃഷ്ടിക്കും
കൽപ്പറ്റ :സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾ തടയിട്ട് സുരക്ഷിത സ്ത്രീസൗഹൃദ പ്രാദേശിക ഇടങ്ങൾ സൃഷ്ടിക്കുമെന്ന് ജില്ലാതല ക്രൈം മാപ്പിങ് കോൺക്ലേവ്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് പ്രോഗ്രാം അടിസ്ഥാനമാക്കി തരിയോട്, വെങ്ങപ്പള്ളി, കോട്ടത്തറ, മൂപ്പൈനാട്, തൊണ്ടർനാട്, പൂതാടി തുടങ്ങിയ ആറ് ഗ്രാമപഞ്ചായത്തുകളിലാണ് ക്രൈം മാപ്പിങ്ങിന്റെ ഭാഗമായി സർവ്വെ നടത്തിയത്. ആറ് ഗ്രാമഞ്ചായത്തുകളിലെ 18 നും 50 ഇടയിൽ പ്രായമുള്ള സ്ത്രീകളെ ഉൾപ്പെടുത്തി നടത്തിയ സർവ്വെയിൽ 4280 പേരുടെ സാമ്പിളുകളാണ് പരിഗണിച്ചത്. ശാരീരികം, സാമ്പത്തികം, ലൈംഗികം, സാമൂഹികം, വാചികം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചാണ് സർവ്വെ നടത്തിയത്. സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളിൽ പ്രധാനപ്പെട്ടത് സ്ത്രീധന പീഡനം ആണെന്നാണ് സർവ്വെയിലെ കണ്ടെത്തൽ. സാമ്പത്തിക അതിക്രമത്തിൽ കൂടുതലും സ്ത്രീകൾ സ്ത്രീധന പീഡനം നേരിടുന്നതായും സർവ്വെ വിശദമാക്കുന്നു. സാമ്പത്തിക അതിക്രമം 3484, വാചികം5267, ലൈംഗിക അതിക്രമം2324, സാമൂഹികം2187, മാനസികം3591, ശാരീരികം 1476 അതിക്രമങ്ങളും നേരിട്ടതായി റിപ്പോർട്ടിൽ രേഖപ്പെടുത്തി. ഓരോ സി.ഡി എസിന് കീഴിലും പരിശീലനം ലഭിച്ച ആർ.പിമാരാണ് വിവരശേഖരണത്തിന് നേതൃത്വം നൽകിയത്. കുടുംബശ്രീ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകളുടെ സഹകരണത്തോടെ റിപ്പോർട്ട് വിശകലനം ചെയ്ത് ഓരോ മേഖലക്കും ഊന്നൽ നൽകി പദ്ധതികൾ ആവിഷ്‌കരിക്കും. കൽപ്പറ്റ മസറിൻ ഹോട്ടലിൽ നടന്ന പരിപാടിയിൽ തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷമീം പാറക്കണ്ടി, കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി റനീഷ്, മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. എൻ ശശീന്ദ്രൻ, ജനപ്രതിനിധികൾ, സെക്രട്ടറിമാർ, കുടുംബശ്രീ മിഷൻ ജില്ലാ കോഓർഡിനേറ്റർ പി.കെ ബാലസുബ്രമണ്യൻ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, സി.ഡി.എസ് ചെയർപേഴ്‌സൺമാർ, എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.





Leave a Reply