May 7, 2026

പോലീസ് ഉദ്യോഗസ്ഥർ ജനപക്ഷത്ത് നിന്നും കൃത്യനിർവഹണം നടത്തണം* : *മുഖ്യമന്ത്രി പിണറായി വിജയൻ* 

0
Img 20250301 212807
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി:പൊതുജനങ്ങളോട് അടുത്ത് ഇടപ്പെടുന്ന സർക്കാർ സംവിധാനമാണ് പോലീസ് സേനയെന്നും പോലീസ് ഉദ്യോഗസ്ഥർ ജനപക്ഷത്ത് നിന്നാവണം കൃത്യനിർവഹണം നടത്തേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലയിൽ നിർമ്മാണം പൂർത്തീകരിച്ച സുൽത്താൻ ബത്തേരി പോലീസ് സബ്ബ് ഡിവിഷണൽ ഓഫീസിൻ്റെയും തലപ്പുഴ, മേപ്പാടി, മാനന്തവാടി, കമ്പളക്കാട് പോലീസ് ക്വാർട്ടേഴ്സുകളുടെ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നിർമ്മാണം പൂർത്തിയാക്കിയ 30 കെട്ടിടങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി ഓൺലൈനായി ഉദ്ഘാടനം ചെയ്തത്.

പോലീസിന്റെ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കുന്നതിൻ്റെ ഭാഗമായി എ. ഐ എനേബിൾഡ് സെക്യൂരിറ്റി ഓപ്പറേഷൻ സെൻ്റർ (എസ്.ഒ.സി) സംവിധാനം രാജ്യത്ത് തന്നെ ആദ്യമായാണ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. പോലീസ് വകുപ്പിലെ കമ്പ്യൂട്ടറുകൾ, മറ്റ് അനുബന്ധ ഉപകരണങ്ങൾക്ക് സൈബർ സുരക്ഷാ കവചം ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യം. കേന്ദ്ര സർക്കാരിൻ്റെ സെൻ്റർ ഫോർ ഡെവലപ്മെൻ്റ് ടെലിമാറ്റിക്സിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ സൈബർ ഭീഷണികളെയും സുരക്ഷാ പിഴവുകളെയും മുൻകൂട്ടി കണ്ടെത്തി ഫലപ്രദമായ നടപടി സ്വീകരിക്കാനും പോലീസ് വകുപ്പിന്റെ കമ്പ്യൂട്ടറുകളുടെയും നിരീക്ഷണം 24 മണിക്കൂറും ഉറപ്പാക്കുന്നതിനാണ് എസ്.ഒ.സി രൂപീകരിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടത്തിൽ പോലീസ് ആസ്ഥാനത്തും സിറ്റി പോലീസ് കമ്മീഷണറേറ്റ്, സബ് ഡിവിഷണൽ പോലീസ് ഓഫീസുകൾ, സിറ്റി പോലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിലെ കമ്പ്യൂട്ടറുകളും അനുബന്ധ സംവിധാനങ്ങളും ഉൾപ്പെടുത്തും. പദ്ധതിയുടെ ഫലപ്രാപ്തി വിലയിരുത്തി സംസ്ഥാനത്തെ എല്ലാ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സൈബർ തട്ടിപ്പുകൾ കൃത്യമായി അന്വേഷിച്ച് പ്രതികളെ പിടികൂടാനുള്ള സംവിധാനത്തിൽ വലിയ മുന്നേറ്റമാണ് സംസ്ഥാനം നടത്തിയത്. സൈബർ കുറ്റാന്വേഷണ രംഗത്ത് അഭിമാനകരമായ നേട്ടങ്ങൾ കേരളാ പോലീസ് കരസ്ഥമാക്കിയിട്ടുണ്ട്. സ്വന്തമായി ഡ്രോൺ ലാബ്, ആന്റി ഡ്രോൺ സംവിധാനങ്ങളുള്ള രാജ്യത്തെ ഏക പോലീസ് സേനയാണ് സംസ്ഥാനത്തുള്ളത്. എസ്.ഒ.സി സുരക്ഷാ കവചം ഒരുക്കുന്നതിലൂടെ മറ്റൊരു മാതൃകയാണ് കേരളാ പോലീസ് മുന്നോട്ടുവെയ്ക്കുന്നത്. പോലീസ് സേവനങ്ങളെ സംബന്ധിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്തുന്നതിനുള്ള പരാതി പരിഹാര സംവിധാനം നിലവിൽ വരികയാണ്. ഇതിനായി ഓരോ പോലീസ് സ്റ്റേഷനുകളിലും ക്യു ആർ കോഡ് പതിപ്പിക്കും. കോഡ് സ്കാൻ ചെയ്ത് പൊതുജനങ്ങൾക്ക് ലഭ്യമായ സേവനം തൃപ്തികരമാണോ അല്ലയോയെന്ന് രേഖപ്പെടുത്താൻ സാധിക്കും. കേസ് രജിസ്റ്റർ ചെയ്തതിനുശേഷം രസീത് നൽകാതിരിക്കൽ, അപേക്ഷ സ്വീകരിക്കാതിരിക്കൽ, ഉദ്യോഗസ്ഥരുടെ മോശം പെരുമാറ്റം, സേവനത്തിന് കൈക്കൂലി തുടങ്ങിയ എല്ലാ പരാതികളും ഇതിലൂടെ അറിയിക്കാൻ സാധിക്കും. വെബ്സൈറ്റിലും പോൾ ആപ്പിലും സൗകര്യം ലഭ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെയും സ്ത്രീകളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന് വലിയ പരിഗണനയാണ് സർക്കാർ നൽകുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. തലപ്പുഴ പോലീസ് സ്റ്റേഷനിൽ നടന്ന ജില്ലാതല പരിപാടിയിൽ പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു അധ്യക്ഷനായി. ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരി, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൽസി ജോയ്, തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പാറക്കൽ ജോസ്, അഡിഷണൽ പോലീസ് സൂപ്രണ്ട് ടി. എൻ സജീവ്, ത്രിതല പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

 

 

*

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *