വയനാട് തുരങ്ക പാത ഉപേക്ഷിക്കുക – സി പി ഐ (എം എൽ )റെഡ് സ്റ്റാർ
പശ്ചിമഘട്ടത്തെ തകര്‍ക്കുന്ന – വയനാടിന് ദുരന്തമായി മാറുന്ന ആനക്കാംപൊയില്‍ – കള്ളാടി തുരങ്ക പാത ഉപേക്ഷിക്കാന്‍ പിണറായി സര്‍ക്കാര്‍ തയാറാവണമെന്ന് സി പി ഐ (എം എൽ )റെഡ് സ്റ്റാർ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പി.എം. ജോര്‍ജ്ജ്, പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ. പ്രേംനാഥ്, കെ.ജി. മനോഹരന്‍, സി. ജെ. ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മുണ്ടക്കൈ ദുരന്തബാധിതരുടെയും ഉരുള്‍പൊട്ടല്‍-മലയിടിച്ചില്‍ അപകടഭീഷണിയില്‍ കഴിയുന്നവരുടെയും പുനരധിവാസത്തിനും, മനുഷ്യ-വന്യജീവി സംഘര്‍ഷത്തിനറുതി വരുത്താന്‍ ശാസ്ത്രീയ പദ്ധതികള്‍ക്കായി മാറ്റിവെക്കണമെന്നും സി പി ഐ (എം എൽ )റെഡ് സ്റ്റാർ ആവശ്യപ്പെട്ടു.
സമുദ്രനിരപ്പില്‍ നിന്നും 1500 അടിയോളം ഉയരത്തിലും 70 ഡിഗ്രി ചരിവിലുമുള്ള ഇടതൂര്‍ന്ന വനങ്ങളാലും ജൈവവൈവിധ്യങ്ങളാലും സമ്പുഷ്ടമായ ഇവിടം പശ്ചിമഘട്ടത്തിലെ അതീവ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശമാണ് ”മുണ്ടക്കൈ-ചൂരല്‍ മല, പുത്തുമല ദുരന്ത ഭൂമികളും, അരുണാമലയടക്കമുള്ള ആദിവാസി ഊരുകളും, സൂചിപ്പാറ, കാന്തന്‍പാറ വെള്ളച്ചാട്ടങ്ങളും നിര്‍ദ്ദിഷ്ട തുരങ്കത്തിന് സമീപമാണ്. ക്യാമല്‍ മലനിരകളെന്നറിയപ്പെടുന്ന ഈ മലനിരകളുടെ ഏറ്റവും ഉയര്‍ന്ന ഭാഗത്താണ് ചെമ്പ്ര കൊടുമുടി സ്ഥിതി ചെയ്യുന്നത്. നിരവധി ആനത്താരകളെ മുറിച്ചു കടന്നും
വയനാടിനെ ഒന്നടങ്കം താങ്ങി നിര്‍ത്തുന്ന മലനിരകള്‍ക്ക് കനത്ത പ്രകമ്പനമേല്‍പ്പിച്ചുമാണ് നിര്‍ദ്ദിഷ്ട തുരങ്കം നിര്‍മ്മിക്കുന്നത്. മേപ്പാടിയില്‍ ആയിരം ഏക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യടക്കിയ ബോബി ചെമ്മണ്ണൂര്‍ അടക്കമുള്ള റിയല്‍ എസ്റ്റേറ്റ് -ടൂറിസം- ഭൂമാഫിയകള്‍ക്കുവേണ്ടിയാണ് പൊതുഖജനാവില്‍ നിന്നും 2000 കോടി കൊള്ളയടിക്കുന്ന തുരങ്കപദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്.




Leave a Reply