ദുരിതബാധിതർക്ക് കൈത്താങ്ങായി കേരള ബാങ്ക്; 3.85 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളും
തിരുവനന്തപുരം :മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് ആശ്വാസമായി കേരള ബാങ്ക്. ദുരിതബാധിതരായ 207 പേരുടെ 3.85 കോടി രൂപയുടെ വായ്പകൾ എഴുതിത്തള്ളാൻ ബാങ്ക് ഭരണസമിതി തീരുമാനിച്ചു. ഉരുൾപൊട്ടലിൽ വീടും സമ്പാദ്യവുമെല്ലാം നഷ്ടപ്പെട്ടവർക്ക് ആശ്വാസമാകുന്നതാണ് കേരള ബാങ്കിന്റെ നടപടി.
ചൂരൽമല, മേപ്പാടി ശാഖകളിൽ നിന്നുമുള്ള വായ്പകളാണ് എഴുതിത്തള്ളുന്നത്. ഇതിന്റെ ആദ്യപടിയായി 6.36 ലക്ഷം രൂപയുടെ ഒമ്പത് വായ്പകൾ നേരത്തെ എഴുതിത്തള്ളിയിരുന്നു. റവന്യൂ വകുപ്പിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബാക്കിയുള്ള വായ്പകൾ കൂടി എഴുതിത്തള്ളാൻ തീരുമാനിച്ചത്.
മേപ്പാടി പഞ്ചായത്തിലെ അയൽക്കൂട്ടം അംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപ വരെ പുതിയ വായ്പ നൽകാനും തീരുമാനിച്ചിട്ടുണ്ട്. കുടുംബശ്രീ മിഷൻ നൽകുന്ന ലിസ്റ്റിലുള്ളവർക്കാണ് വായ്പ ലഭിക്കുക.
ദുരിതബാധിതരെ സഹായിക്കുന്നതിനായി 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കേരള ബാങ്ക് നേരത്തെ നൽകിയിരുന്നു. കൂടാതെ, ബാങ്ക് ജീവനക്കാർ 5.25 കോടി രൂപയും ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി.





Leave a Reply