ശുദ്ധജല ക്ഷാമം പരിഹാരിക്കാന്‍ ബാണാസുര ഡാമില്‍ നിന്നും വെള്ളം ഒഴുകി തുടങ്ങി
പടിഞ്ഞാറത്തറ: ശുദ്ധജല ക്ഷാമത്തിന് പരിഹാരമായി ബാണാസുര ഡാമില്‍ നിന്നും വെള്ളം ഒഴുകി തുടങ്ങി. പുഴ വറ്റിയതിനെ തുടര്‍ന്ന് പടിഞ്ഞാറത്തറ, തരിയോട് പഞ്ചായത്തുകളില്‍ ശുദ്ധജലം എത്തിക്കുന്ന മുള്ളങ്കണ്ടി ശുദ്ധജല വിതരണ പദ്ധതി പ്രവര്‍ത്തനം നിലച്ചിരുന്നു. അതോടെ നൂറുകണക്കിനു കുടുംബങ്ങള്‍ ദിവസങ്ങളായി ശുദ്ധജലക്ഷാമം കാരണം ദുരിതത്തിലായി. മുള്ളങ്കണ്ടി പദ്ധതി സ്ഥിതി ചെയ്യുന്ന പുഴയിലേക്ക് ഡാമില്‍ നിന്ന് വെള്ളം ഒഴുക്കി വിടണമെന്ന ആവശ്യവും ഇതോടെ ശക്തമായിരുന്നെങ്കിലും കലക്ടറുടെ ഉത്തരവ് ലഭിക്കാത്തതിനാല്‍ ഡാം തുറക്കാനായില്ല.
ജില്ലാ ദുരന്ത നിവാരണ സമിതി യോഗം ഡാമിന്റെ വാല്‍വ് വഴി വെള്ളം തുറന്നു വിടാന്‍ അധികൃതര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം രാവിലെ 10 മണി മുതലാണ് വെള്ളം ഒഴുക്കിത്തുടങ്ങിയത്. ദിവസം 20 മണിക്കൂര്‍ വരെ നടത്തിയിരുന്ന പമ്പിങ് പുഴയില്‍ വെള്ളമില്ലാത്തതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മണിക്കൂര്‍ വരെ മാത്രമായി ചുരുങ്ങിയിരുന്നു. ഡാമിന്റെ വാല്‍വ് തുറന്നതോടെ പുഴ നിറയുകയും പമ്പിങ് സാധാരണ നിലയിലേക്ക് ഉയരുകയും ചെയ്തിട്ടുണ്ട്. മഴ ലഭിക്കുന്നതുവരെ വെള്ളം നല്‍കുമെന്ന് ഡാം അധികൃതര്‍ അറിയിച്ചു





Leave a Reply