പായം സോഷ്യൽ ഫോറസ്ട്രി എക്കോ പാർക്ക് സന്ദർശിച്ചു
മാനന്തവാടി: പായം പഞ്ചായത്തിലെ സോഷ്യൽ ഫോറസ്ട്രി എക്കോ പാർക്ക് മാതൃകയിൽ വയനാട്ടിലും ഇക്കോ ടൂറിസം പദ്ധതികൾ നടപ്പിലാക്കാൻ മാനന്തവാടി സോഷ്യൽ ഫോറസ്ട്രി ബ്ലോക്ക് ഹരിത സമിതി ചെയർമാൻ ടി.സി. ജോസഫും സംഘവും തീരുമാനിച്ചു. ഇതിനായി അവർ പായം സോഷ്യൽ ഫോറസ്ട്രി എക്കോ പാർക്ക് സന്ദർശിച്ചു.
പഴശ്ശി ഡാമിൻ്റെ വൃഷ്ടിപ്രദേശത്ത് 20 ഏക്കർ സ്ഥലത്ത് പായം പഞ്ചായത്തും 9 ഏക്കർ സ്ഥലത്ത് ഇരിട്ടി നഗരസഭയും ചേർന്ന് ലീസിനെടുത്ത് നിർമിച്ച ഈ പാർക്ക് കേരളത്തിന് തന്നെ മാതൃകയാണ്. പുറത്ത് 39 ഡിഗ്രി ചൂട് അനുഭവപ്പെടുമ്പോൾ പാർക്കിനുള്ളിൽ അതിലും വളരെ കുറഞ്ഞ ചൂട് മാത്രമാണ് അനുഭവപ്പെടുന്നത്. വിവിധ ഇനം മരങ്ങളും അവയ്ക്കിടയിലൂടെയുള്ള നടപ്പാതകളും ഇരിപ്പിടങ്ങളും ഊഞ്ഞാലുകളും പാർക്കിനെ മനോഹരമാക്കുന്നു.
മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് പ്രവേശന ഫീസ്. ഇതിൽ നിന്ന് പ്രതിമാസം ശരാശരി ഒരു ലക്ഷം രൂപ വരുമാനം ലഭിക്കുന്നുണ്ട്. ലഘുഭക്ഷണശാലകളും ശീതളപാനീയ ഷോപ്പുകളും വാടകയ്ക്ക് നൽകുന്നതിലൂടെയും അധിക വരുമാനം ലഭിക്കുന്നു. പായം പഞ്ചായത്തിനെയും ഇരിട്ടി നഗരസഭയെയും ബന്ധിപ്പിക്കുന്ന തൂക്കുപാലവും ബോട്ടിംഗും ആരംഭിക്കാൻ പദ്ധതിയുണ്ടെന്ന് കണ്ണൂർ ജില്ലാ സോഷ്യൽ ഫോറസ്ട്രി എ.സി.എഫ്. ജോസ് മാത്യു പറഞ്ഞു.
വയനാട്ടിലെ പല പഞ്ചായത്തുകൾക്കും ഈ മാതൃക പിന്തുടരാവുന്നതാണ്. പ്രകൃതിരമണീയമായ പുഴകളും വയലുകളും വയനാട്ടിലുണ്ട്. ഇത് പ്രകൃതി സംരക്ഷണത്തിനും വിനോദസഞ്ചാരത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താം. ഇത്തരം പദ്ധതികൾ പഞ്ചായത്തുകൾക്കും ഹരിത സമിതികൾക്കും സാമ്പത്തിക വരുമാനം നൽകും. അതുകൊണ്ട് തന്നെ വയനാട്ടിലെ പഞ്ചായത്തുകളുമായി ആലോചിച്ച് പായം മാതൃകയിൽ ഇക്കോ പാർക്കുകൾ ആരംഭിക്കുമെന്ന് ചെയർമാൻ ടി.സി. ജോസഫ് വ്യക്തമാക്കി.




Leave a Reply