ലഹരി ഇടപാടുകളൊക്കെ നിര്‍ത്തിക്കോ… എല്ലാം മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ട്’
കൽപ്പറ്റ :ലഹരികടത്തും ലഹരികച്ചവടവും വ്യാജവാറ്റും മറ്റു കുറ്റകൃത്യങ്ങളുമൊന്നും ഇനി വേണ്ട. എല്ലാം മുകളില്‍ നിന്നൊരാള്‍ കാണുന്നുണ്ട്. മറ്റാരുമല്ല, വയനാട് പോലീസിന്റെ ഡ്രോണ്‍. ആകാശകണ്ണൊരുക്കി ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങൾക്ക് തടയിടാനൊരുങ്ങുകയാണ് വയനാട് പോലീസ്.
കൃത്യമായ ദൃശ്യങ്ങളുടെ സഹായത്തോടെ ലഹരികടത്തുകാരെയും ഇടപാടുകാരെയും അതിവേഗം പിടികൂടാന്‍ ഇനി പോലീസിനാകും. ഡ്രോണിന്റെ സഹായത്തോടെ ഈ ആഴ്ചയിൽ 3 ദിവസങ്ങളിലായി മയക്കുമരുന്ന് കേസിൽ അഞ്ച് പേരെ പിടികൂടിയിരുന്നു. വിവിധ സ്റ്റേഷനുകളിലായി മലപ്പുറം ചെമ്മങ്കോട് സ്വദേശി സൈഫുറഹ്മാൻ (29), അമ്പലവയൽ കിഴക്കയിൽ വീട്ടിൽ ജംഷീർ ( 28), പെരിക്കല്ലൂർ വെട്ടത്തൂർ ഉന്നതിയിലെ കാർത്തിക് (18), നടവയല്‍, പായ്ക്കമൂല ഉന്നതിയിലെ മഹേഷ്(21), ഉണ്ണി (19) എന്നിവരെ കഞ്ചാവുമായി പിടികൂടിയത് ഡ്രോണിന്റെ സഹായത്തോടെയാണ്. മദ്യകടത്ത്, വ്യാജ വാറ്റ്, ചീട്ടുകളി തുടങ്ങിയ കുറ്റകൃത്യങ്ങളിലുള്‍പ്പെടുന്നവരെ കുരുക്കാൻ ഡ്രോണ്‍ നിരീക്ഷണമുണ്ടാവും.
കര്‍ണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന വയനാട്ടിലേക്ക് ലഹരി ഒഴുകുന്ന സാഹചര്യത്തില്‍ വയനാട് പോലീസിന്റെ നേതൃത്വത്തില്‍ പരിശോധന കര്‍ശനമാണ്. സംസ്ഥാനത്തേക്ക് മയക്കുമരുന്ന് എത്തിക്കുന്ന പ്രധാന കണ്ണികളെ കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ നിന്ന് പിടികൂടിയിരുന്നു.




Leave a Reply