കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം
പുൽപ്പള്ളി: പാടിച്ചിറയിലെ കരിങ്കൽ ക്വാറിക്കെതിരെ പ്രദേശവാസികൾ ശക്തമായ പ്രതിഷേധം ഉയർത്തി. ക്വാറിയുടെ പ്രവർത്തനങ്ങൾ തങ്ങളുടെ സ്വൈര്യജീവിതം തടസ്സപ്പെടുത്തുന്നുവെന്നും സ്ഫോടനങ്ങളിൽ വീടുകൾക്ക് നാശനഷ്ടം സംഭവിക്കുന്നുവെന്നും നാട്ടുകാർ ആരോപിച്ചു.
ഇന്നലെ രാവിലെ 10.30 ഓടെ ക്വാറിയിൽ നടന്ന സ്ഫോടനത്തിൽ കരിങ്കൽ ചീളുകൾ സമീപത്തെ വീടുകളിൽ പതിച്ചതോടെയാണ് പ്രതിഷേധം ശക്തമായത്. കളപ്പുരയ്ക്കൽ ജോയി, കിഴക്കേഭാഗത്ത് ചാൾസ് എന്നിവരുടെ വീടുകളുടെ പരിസരത്താണ് കരിങ്കൽ ചീളുകൾ പതിച്ചത്. ഇതോടെ പ്രദേശവാസികൾ സംഘടിച്ച് ക്വാറിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ക്വാറിയിലേക്ക് ലോഡുമായി എത്തിയ ടിപ്പർ ലോറികൾ വഴിയിൽ തടയുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, പരിശോധനയിൽ സ്ഫോടനം നടത്തിയ വ്യക്തിക്ക് എക്സ്പ്ലോസീവ് ലൈസൻസ് ഇല്ലെന്ന് കണ്ടെത്തി. തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. എന്നാൽ, ക്വാറി നടത്തിപ്പുകാർ ലൈസൻസ് രേഖകൾ സ്റ്റേഷനിൽ എത്തിച്ചതോടെ ഇയാളെ വിട്ടയച്ചു.
സമയക്രമം പാലിക്കാതെയാണ് ക്വാറിയുടെ പ്രവർത്തനമെന്നും സ്ഫോടനങ്ങളുടെ ആഘാതത്തിൽ നിരവധി വീടുകൾ വിണ്ടുകീറിയിട്ടുണ്ടെന്നും നാട്ടുകാർ ആരോപിച്ചു. ക്വാറിയുടെ പ്രവർത്തനം തടയുന്നതിനായി ആക്ഷൻ കമ്മിറ്റി രൂപീകരിക്കാനും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനും പ്രദേശവാസികൾ തീരുമാനിച്ചു.
പ്രദേശവാസികളുടെ സുരക്ഷയും സ്വൈര്യജീവിതവും കണക്കിലെടുത്ത് അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.





Leave a Reply