എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്‌നം; തിരുവനന്തപുരത്ത് യോഗം 24ന്
കല്‍പ്പറ്റ: പുഞ്ചിരിമട്ടം ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ തൊഴിലാളി പ്രശ്‌നം പരിഹരിക്കുന്നതിന് സര്‍ക്കാര്‍തലത്തില്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി ലേബര്‍ കമ്മീഷണര്‍ വിവിധ ട്രേഡ് യൂണിയന്‍ ഭാരവാഹികളുടെയും എസ്റ്റേറ്റ് മാനേജ്‌മെന്റിന്റെയും യോഗം വിളിച്ചു. 24ന് രാവിലെ 11.30ന് ലേബര്‍ കമ്മീഷണറുടെ കാര്യാലയത്തിലാണ് യോഗം. തോട്ടം ഉടമ, മാനേജര്‍, വയനാട് എസ്റ്റേറ്റ് ലേബര്‍ യൂണിയന്‍(സിഐടിയു), മലബാര്‍ എസ്റ്റേറ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍(ഐഎന്‍ടിയുസി), എസ്റ്റേറ്റ് മസ്ദൂര്‍ യൂണിയന്‍(എച്ച്എംഎസ്), കോഴിക്കോട് ഡിസ്ട്രിക്ട് പ്ലാന്റേഷന്‍ ലേബര്‍ കോണ്‍ഗ്രസ്(ഐഎന്‍ടിയുസി) പ്രതിനിധികള്‍ എന്നിവരുടെ യോഗമാണ് ലേബര്‍ കമ്മീഷണര്‍ വിളിച്ചത്.
ഉരുള്‍ ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ് നിര്‍മിക്കുന്നതിന് നഗരപരിധിയിലുള്ള എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ പുല്‍പ്പാറ ഡിവിഷനാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. ആനുകൂല്യങ്ങള്‍ തീര്‍ത്തുകിട്ടാതെ പുല്‍പ്പാറ ഡിവിഷനില്‍നിന്നു ഇറങ്ങില്ലെന്നു തൊഴിലാളികള്‍ വ്യക്തമാക്കുകയും ട്രേഡ് യൂണിയന്‍ സംയുക്ത സമിതി കളക്ടറേറ്റ് പടിക്കല്‍ സത്യഗ്രഹം ഉള്‍പ്പെടെ സമരങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് തിരുവനന്തപുരത്ത് യോഗം ചേരുന്നത്. ടൗണ്‍ഷിപ്പിന് ഈ മാസം 27നാണ് മുഖ്യമന്ത്രി തറക്കല്ലിടുന്നത്. ഇതിനു മുമ്പ് തൊഴിലാളി പ്രശ്‌നം പഹരിക്കുന്നതിനുള്ള നീക്കങ്ങളാണ് സര്‍ക്കാര്‍തലത്തില്‍ നടക്കുന്നത്.
പുല്‍പ്പാറ ഉള്‍പ്പെടെ എല്‍സ്റ്റന്‍ എസ്റ്റേറ്റിലെ മൂന്നു ഡിവിഷനുകളില്‍ വിരമിച്ചശേഷവും ജോലിയില്‍ തുടരുന്നവരടക്കം 300 ഓളം തൊഴിലാളികളുണ്ട്. ഇത്രയും പേര്‍ക്ക് ഏകദേശം 11 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ മാനേജ്‌മെന്റ് നല്‍കാനുണ്ട്. മാനേജ്‌മെന്റ് തൊഴിലാളികളില്‍നിന്നു പിടിച്ച പ്രൊവിഡന്റ് ഫണ്ട് വിഹിതം 2014 മുതല്‍ അക്കൗണ്ടില്‍ അടച്ചിട്ടില്ല. തോട്ടം ഉടമ അടയ്‌ക്കേണ്ട വിഹിതവും അക്കൗണ്ടില്‍ എത്തിയില്ല. വിരമിച്ച 150 ഓളം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി ലഭിക്കാനുണ്ട്. ഒരു വര്‍ഷത്തെ ലീവ് വിത്ത് വേജസ്, രണ്ടു വര്‍ഷത്തെ ബോണസ്, ഏഴ് വര്‍ഷത്തെ മെഡിക്കല്‍ ആനുകൂല്യം, ഇത്രയും കാലത്തെ വെതര്‍ പ്രൊട്ടക്ടീവ് ആനുകൂല്യം, രണ്ടു ഘട്ടങ്ങളിലായി കൂലി പുതുക്കിയപ്പോഴത്തെ കുടിശിക എന്നിവയുംകിട്ടാനുണ്ട്.
ടൗണ്‍ഷിപ്പിന് ഏറ്റെടുക്കുന്ന ഡിവിഷനിലേതടക്കം തൊഴിലാളികള്‍ക്ക് തൊഴില്‍ സുരക്ഷയുമായി ബന്ധപ്പെട്ട് ഉറപ്പുകള്‍ തൊഴില്‍ വകുപ്പോ മാനേജ്‌മെന്റോ നല്‍കിയിട്ടില്ല.
എല്‍സ്റ്റന്‍ എസ്റ്റേറ്റില്‍ 2005ലെ ദുരന്ത നിവാരണ നിയമപ്രകാരം സര്‍ക്കാര്‍ ഏറ്റെടുക്കുന്ന ഭൂമിക്ക് 2013ലെ എല്‍എആര്‍ആര്‍ നിയമപ്രകാരം നഷ്ടപരിഹാരം അനുവദിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവ്. ഇതനുസരിച്ച്
സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്ന മുറയ്ക്ക് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാമെന്ന നിലപാടിലാണ് എസ്റ്റേറ്റ് മാനേജ്‌മെന്റ്. എന്നാല്‍, ആനുകൂല്യങ്ങള്‍ പൂര്‍ണമായും ലഭിക്കാതെ തോട്ടത്തില്‍നിന്നു ഒഴിഞ്ഞുപോകില്ലെന്നാണ് തൊഴിലാളികളുടെ പക്ഷം. പ്രമുഖ ട്രേഡ് യൂണിയനുകളുടെ പിന്തുണയും ഇവര്‍ക്കുണ്ട്.
ലേബര്‍ കമ്മീഷണര്‍ വിളിച്ച യോഗത്തില്‍ തൊഴിലാളി പ്രശ്‌നത്തിനു പരിഹാരമാകുമെന്നാണ് കരുതുന്നതെന്ന് സംയുക്ത ട്രേഡ് യൂണിയന്‍ സമിതി നേതാക്കള്‍ പറഞ്ഞു. ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം തോട്ടം മാനേജ്മന്റിന് സര്‍ക്കാര്‍ ഉടന്‍ ലഭ്യമാക്കുകയും തൊഴിലാളികള്‍ക്കുള്ള ആനുകൂല്യ വിതരണം തോട്ടം ഉടമ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്താല്‍ ടൗണ്‍ഷിപ്പ് നിര്‍മാണം സുഗമമായി നടക്കുമെന്നും ഉരുള്‍ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന എസ്റ്റേറ്റ് ഭൂമിയിലെ തൊഴിലാളി പ്രശ്‌നം സര്‍ക്കാര്‍ മുമ്പേ പരിഹരിക്കേണ്ടതായിരുന്നുവെന്നും അവര്‍ പറഞ്ഞു.





Leave a Reply