നേന്ത്രക്കായ വിപണിയിൽ വില ഉയരുന്നത് കർഷകർക്ക് പ്രതീക്ഷയേകുന്നു
കൽപ്പറ്റ വിളവെടുപ്പിനോടടുക്കുമ്പോൾ നേന്ത്രക്കായ വിപണിയിൽ വില ഉയരുന്നത് കർഷകർക്ക് പ്രതീക്ഷയേകുന്നു. കിലോക്ക് ഒന്നാം തരത്തിന് 48 മുതൽ 50 രൂപവരെയാണ് കർഷകർക്ക് മൊത്തകച്ചവടക്കാർ കഴിഞ്ഞ രണ്ടുദിവസമായി നൽകുന്നത്. പൊതുമാർക്കറ്റിൽ ഉപഭോക്‌താക്കൾക്ക് കിലോക്ക് 65 രൂപക്കാണ് നേന്ത്രക്കായ ലഭിക്കുന്നത്. മറ്റ് വാഴപ്പഴങ്ങൾക്കും പൊതുമാർക്കറ്റിൽ വിലയുണ്ട്. ഡിസംബർ, ജനുവരി മാസങ്ങളിൽ 50ഉം 55ഉം രൂപ വിലയുണ്ടായിരുന്ന സമയത്ത് കർഷകർക്ക് വിപണയിലെത്തിക്കാൻ നേന്ത്രക്കായ ഉണ്ടായിരുന്നില്ല. ഇത്തവണ വിളവെടുപ്പ് സമയത്ത് ഭേദപ്പെട്ട വില ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കർഷകർ പറഞ്ഞു. പെരുന്നാൾ, വിഷു അടുത്തെത്തുന്നതോടെ കൂടുതൽ നേന്ത്രക്കുലകൾ വിപണിയിലെത്തും. ഫെബ്രുവരി അവസാനത്തോടെയും മാർച്ച് തുടക്കത്തിലും വില 30 രൂപക്കടുത്ത് താഴ്ന്നങ്കിലും കഴിഞ്ഞ രണ്ടാഴ്ചയിലധികമായി വില 45 രൂപക്ക്മുകളിലായി നിൽക്കുന്നുണ്ട്. വിഷുവും ഓണക്കാലവുമെല്ലാം കണക്കിലെടുത്താണ് ജില്ലയിലെ കർഷകർ വാഴകൃഷി നടത്തുന്നത്. കഴിഞ്ഞ ഓണക്കാലത്ത് വില വലിയ രീതിയിൽ ഉയർന്നില്ല. ഡിസംബർ അവസാനത്തോടെ വില അറുപതിനടുത്തേക്ക് ഉയർന്നിരുന്നു. എന്നാൽ ഈ സമയത്തിനുള്ളിൽ ഭൂരിഭാഗ കർഷകരും വിളവെടുത്തിരുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ വില 30 രൂപക്കടുത്തായിരുന്നു. വിഷു വിപണിയിലും വലിയ വർധനയുണ്ടായില്ല. വേനൽമഴ കർഷകർക്ക് ആശങ്കയാവുന്നുണ്ട്. മഴക്കൊപ്പമുള്ള കാറ്റിൽ നിരവധി കർഷകരുടെ വാഴ നിലംപൊത്തി.





Leave a Reply