August 17, 2026

ഉയിര്‍പ്പ് വിദ്യാഭ്യാസ പുതുജീവന പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നാളെ

0
Fgfgffd

 

കല്‍പ്പറ്റ: മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരായ വിദ്യാര്‍ത്ഥികളുടെ ഉന്നതവിദ്യാഭ്യാസ പുതുജീവന പദ്ധതിയായ ഉയിര്‍പ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം നാളെ പ്രിയങ്കാ ഗാന്ധി എം പി നിര്‍വഹിക്കുമെന്ന് അഡ്വ. ടി സിദ്ധിഖ് എം എല്‍ എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 92 വിദ്യാര്‍ഥികളും രണ്ടാം ഘട്ടത്തില്‍ 42 വിദ്യാര്‍ഥികളുമാണ് ഭാഗമായത്.കേരളത്തിലെ പ്രമുഖ സോഷ്യല്‍ എഞ്ചിനീയറിംഗ് കൂട്ടായ്മയായ വീ ക്യാന്‍ സോഷ്യല്‍ ഇന്നൊവേറ്റേഴ്സ്, തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവരും പദ്ധതിക്ക് പൂര്‍ണപിന്തുണയുമായി പ്രവര്‍ത്തിച്ചുവരുന്നുണ്ടെന്നും എം എല്‍ എ പറഞ്ഞു.

രാവിലെ 11:30ന് കല്‍പ്പറ്റ ഡെസ്റ്റിനി ലോഞ്ച് കണ്‍വെന്‍ഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം പി അഹമ്മദ്, മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം വി ശ്രേയാംസ്‌കുമാര്‍, യേനപ്പോയ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ എം വിജയകുമാര്‍, നൂര്‍-ഉല്‍ ഇസ്ലാം യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറും ഇന്ത്യയുടെ മിസൈല്‍ വനിത എന്നുമറിയപ്പെടുന്ന ഡോ. ടെസ്സി തോമസ്, വയനാട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍, മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബാബു എന്നിവര്‍ പങ്കെടുക്കും. മുണ്ടക്കൈ-ചൂരലമല ദുരന്തബാധിതരായ ഒരു വിദ്യാര്‍ത്ഥിപോലും സാമ്പത്തികബുദ്ധിമുട്ടുകള്‍ മൂലം പഠനമുപേക്ഷിക്കേണ്ട സ്ഥിതിയിലേക്ക് വരരുത് എന്ന ലക്ഷ്യവുമായി ആരംഭിച്ച പദ്ധതിയുടെ തുടക്കത്തില്‍ പ്രാദേശിക രാഷ്ട്രീയ, സാമൂഹിക പ്രവര്‍ത്തകരുള്‍പ്പെടെയുള്ള ആളുകളുടെ സഹായത്തോടെ മേഖലയില്‍ വിദ്യാര്‍ത്ഥികളുടെ ലിസ്റ്റ് ശേഖരിക്കുകയും, തുടര്‍ന്ന് രണ്ട് ഘട്ടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തീകരിക്കേണ്ട വിദ്യാര്‍ഥികളുമായി നേരിട്ട് സംസാരിക്കുകയും, അവരുടെ ആവശ്യങ്ങള്‍ മനസിലാക്കുകയും ചെയ്തുകൊണ്ടാണ് പദ്ധതി മുന്നേറിയത്.

ദുരന്തബാധിതരായ 134 വിദ്യാര്‍ഥികളുടെയും പഠനചിലവ് ഏറ്റെടുത്തിരിക്കുന്നത് സന്നദ്ധസേവന പ്രവര്‍ത്തന രംഗത്ത് നിരവധി വര്‍ഷങ്ങളായി സാന്നിധ്യമുറപ്പിച്ചിട്ടുള്ള മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റാണ്. ഓരോ വിദ്യാര്‍ഥിക്കും അവരുടെ പഠനം പൂര്‍ത്തിയാക്കുന്നതുവരെയുള്ള കാലഘട്ടത്തില്‍ വരുന്ന ചിലവുകള്‍ കണക്കാക്കുകയും, വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്ഥാപനങ്ങളുമായി സംസാരിക്കുകയും, അവര്‍ നല്‍കുന്ന ഇളവുകളും മറ്റും കഴിഞ്ഞതിനുശേഷം ഓരോ വിദ്യാര്‍ത്ഥിക്കും പഠനം പൂര്‍ത്തീകരിക്കാന്‍ എത്ര രൂപ ആവശ്യമുണ്ടെന്നുകണ്ടെത്തുകയും ചെയ്യുകയുണ്ടായി. തുടര്‍ന്ന് മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിനു റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും പഠനചിലവുകള്‍ മലബാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏറ്റെടുക്കുകയുമായിരുന്നു. 2028 വരെ കാലയളവ് കണക്കാക്കിയിട്ടുള്ള പദ്ധതിക്കായി 1,89,88,128 രൂപയാണ് ആകെ ചിലവ് നിശ്ചയിച്ചിട്ടുള്ളത്. ആകെ വകയിരുത്തിയിട്ടുള്ള 1,89,88,128 രൂപയില്‍ സെമെസ്റ്റര്‍ ഫീ, കോഴ്സ് ഫീ, എക്സാം ഫീ, ഇന്റേണ്‍ഷിപ്പ്/പ്രൊജക്റ്റ് ട്രെയിനിങ്, ഹോസ്റ്റല്‍ ഫീ, പഠന സാമഗ്രികള്‍ ബസ് ഫെയര്‍ വ്യക്തിഗത ചിലവുകള്‍, ബാക്ക്ലോഗ് ഇനത്തിലുമാണ് എന്നീ ഇനങ്ങളിലാണ് വകയിരുത്തിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഇതുവരെ 64,00,000 രൂപയാണ് ചിലവഴിച്ചിട്ടുള്ളത്. എംഎല്‍എ കെയറിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി നടപ്പിലാക്കിവരുന്ന കല്‍പ്പറ്റ നിയോജകമണ്ഡല സമഗ്രവിദ്യാഭ്യാസ പദ്ധതിയായ ‘സ്പാര്‍ക്ക്’ പദ്ധതിയുടെ ഭാഗമായാണ് ‘ഉയരെ’യും നടപ്പിലാക്കുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *