May 31, 2026

ഡോ. എം ജി എസ് നാരായണന്‍ അന്തരിച്ചു

0
ko

കോഴിക്കോട്: പ്രമുഖ ചരിത്രകാരനും ദേശീയ ചരിത്ര ഗവേഷേണ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ജി എസ് നാരായണന്‍ (മുറ്റയില്‍ ഗോവിന്ദമേനോന്‍ ശങ്കരനാരായണന്‍ 92) അന്തരിച്ചു.സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് മാവൂര്‍ റോഡ് സ്മൃതി പഥത്തില്‍.

നിരവധി ചരിത്രപഠനഗ്രന്ഥങ്ങളുടെ രചയിതാവും ചരിത്ര ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ പണ്ഡതനുമാണ്. എം ജി എസ് വിവിധ കാലങ്ങളിലായി രചിച്ച കവിതകള്‍ സമാഹരിച്ച് ‘മരിച്ചു മമ ബാല്യം’ എന്ന പേരില്‍ 92-ാം പിറന്നാള്‍ ദിനമായ 2024 ആഗസ്ത് 20 ന് പ്രകാശിപ്പിച്ചിരുന്നു.

1932 ആഗസ്ത് 20ന് പൊന്നാനിയില്‍ ജനനം. പരപ്പനങ്ങാടിയിലും പൊന്നാനിയിലും കോഴിക്കോട്ടും തൃശൂരുമായി ആദ്യകാല വിദ്യാഭ്യാസം. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് 1953ല്‍ ഒന്നാം റാങ്കോടെ എം എ പാസായി. 1954 മുതല്‍ 64വരെ കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ചരിത്രാധ്യാപകനായിരുന്നു. പൗരാണിക ലിപി – വഞ്ജുത്തഗ്രന്ഥം
എന്നിവയെക്കുറിച്ച് വിശദമായ പഠനംഅവഗാഹം നേടി. കേരളത്തിന്റെ ചരിത്രവിജ്ഞാനത്തിന്റെ ആധികാരിക നിഘണ്ടുവായിരുന്നു ആറുപതിറ്റാണ്ടുകാലം എം ജി എസ് എന്ന ത്രയാക്ഷരി. കേരള ചരിത്രത്തിലെ പെരുമാള്‍ കാലഘട്ടത്തിലെ രാഷ്ട്രീയ സാമൂഹികാവസ്ഥകളെപ്പറ്റിയുള്ള ഗവേഷണ പ്രബന്ധത്തിനു 1973ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു.

കേരള സര്‍വകലാശാലയുടെ കോഴിക്കോട് കേന്ദ്രത്തില്‍ ചരിത്രാധ്യാപകനായും കാലിക്കറ്റ് സര്‍വകലാശാലാ ബിരുദാനന്തര പഠനകേന്ദ്രത്തില്‍ അധ്യാപകനായും പ്രവര്‍ത്തിച്ചു. 1968ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ തുടക്കം മുതല്‍ ചരിത്ര വിഭാഗം അധ്യാപകനായി. പിന്നീട് വകുപ്പു തലവനായും പ്രവര്‍ത്തിച്ചു. 1990 മുതല്‍ 92വരെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറിയായിരുന്നു.

കാല്‍നൂറ്റാണ്ടോളം ഇന്ത്യന്‍ ചരിത്ര കോണ്‍ഗ്രസിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചു. ജേര്‍ണല്‍ ഓഫ് ഇന്ത്യന്‍ ഹിസ്റ്ററി, ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ റിവ്യു എന്നിവയുടെ പത്രാധിപസമിതി അംഗമായി.എന്‍സിഇആര്‍ടി പാഠപുസ്തക സമിതി, യുജിസി ഹിസ്റ്ററി ആന്‍ഡ് ആര്‍ക്കിയോളജി പാനല്‍, യുപിഎസ്സി പരിശോധനാ സമിതി എന്നിവയില്‍ അംഗം.

ഇന്ത്യാ ചരിത്ര പരിചയം, കേരള ചരിത്രത്തിന്റെ അടിസ്ഥാനശിലകള്‍, സാഹിത്യാപരാധങ്ങള്‍, കോഴിക്കോടിന്റെ കഥ, ജനാധിപത്യവും കമ്യൂണിസവും, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, കേരളത്തിന്റെ സമകാലിക വ്യഥകള്‍ എന്നിവയാണ് പ്രധാന മലയാള ഗ്രന്ഥങ്ങള്‍. പെരുമാള്‍സ് ഓഫ് കേരള, ഹിസ്റ്റോറിക്കല്‍ ഡീസ് ഇന്‍ കേരള, കേരള ത്രൂ ദി ഏജസ്, ഫൗണ്ടേഷന്‍ ഓഫ് സൗത്ത് ഇന്ത്യന്‍ സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍, കാലിക്കറ്റ്: ദി സിറ്റി ഓഫ് ട്രൂത്ത് എന്നീ ചരിത്രഗ്രന്ഥങ്ങളും രചിച്ചു. കോഴിക്കോട്ടെ സാമൂതിരി രാജാക്കന്മാര്‍, കര്‍ഷക കലാപങ്ങള്‍, സാമുദായിക ബന്ധങ്ങള്‍, മലബാറിന്റെ പൗരാണിക- മധ്യകാല ചരിത്രം എന്നിവ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പുസ്തകങ്ങളും തയ്യറാക്കി.

പരേതരായ ഡോ. കെ പി ഗോവിന്ദമേനോന്റെയും നാരായണി അമ്മയുടെയും മകനാണ്. ഭാര്യ: വി സി പ്രേമലത. മക്കള്‍: എന്‍ വിജയകുമാര്‍ (വിങ്കമാന്‍ഡര്‍, ഇന്ത്യന്‍ എയര്‍ഫോഴ്‌സ്), എന്‍ വിനയ (നര്‍ത്തകിയും മോഹിനിയാട്ടം ഗവേഷകയും).

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *