April 28, 2026

വിഴിഞ്ഞം ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാർഢ്യത്തിന്റെ ഫലം; പിണറായി സർക്കാർ കേരളത്തിന് ശാപം: ടി എൻ പ്രതാപൻ

0
img_20250502_194704
By ന്യൂസ് വയനാട് ബ്യൂറോ
  1. കൽപറ്റ: അഴിമതിയും ധൂർത്തും മുഖമുദ്രയാക്കിയ പിണറായി സർക്കാർ കേരളത്തിന് ശാപമായി മാറിയെന്നും, ഈ സർക്കാരിനെ താഴെയിറക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്റ് ടി എൻ പ്രതാപൻ പറഞ്ഞു. കൽപറ്റയിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

 

“സമസ്ത മേഖലകളിലും പരാജയപ്പെട്ട സർക്കാരാണ് കേരളം ഭരിക്കുന്നത്. ഈ ഭരണ പരാജയം മറച്ചുവെക്കാനാണ് കോടികൾ മുടക്കി ഓരോ ജില്ലയിലും ആഘോഷങ്ങൾ നടത്തുന്നത്. ഇതുകൊണ്ടൊന്നും പിണറായി വിജയന് രക്ഷപ്പെടാനാവില്ല. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേദിയിൽ പിണറായി വിജയന്റെ ദയനീയമായ മുഖമാണ് കണ്ടത്. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളെപ്പോലും വേദിയിലിരുത്താൻ കഴിയാതെ ദുർബലനായി മോദിയോട് സന്ധി ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. മന്ത്രിമാരെ പുറത്ത് നിർത്തി മകളെയും കുടുംബത്തെയും രക്ഷിക്കുന്നതിന് ഉണ്ടാക്കിയ ധാരണയുടെ ദയനീയ കാഴ്ചയായിരുന്നു അത്. ഉമ്മൻ ചാണ്ടിയെ അപമാനിച്ചതിന് കിട്ടിയ ശിക്ഷയാണിത്. വിഴിഞ്ഞം പദ്ധതി യാഥാർഥ്യമാക്കാൻ കാരണം ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യമാണ്,” ടി എൻ പ്രതാപൻ പറഞ്ഞു.

 

നാലാം വാർഷിക ആഘോഷത്തിന് 100 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്. ആശാവർക്കർമാർ ഉൾപ്പെടെയുള്ള അടിസ്ഥാന ജനവിഭാഗങ്ങളെ മറന്നുകൊണ്ടുള്ള ഭരണമാണ് കേരളത്തിൽ നടക്കുന്നത്. കാർഷിക മേഖല ഉൾപ്പെടെ സമസ്ത മേഖലയും തകർന്നു. മുണ്ടക്കൈ ദുരിതബാധിതരെ അപമാനിച്ചു കൊണ്ടാണ് വയനാട്ടിൽ കോടികളുടെ ആഘോഷം നടത്തിയത്. വിലക്കയറ്റം കൊണ്ട് ജനങ്ങൾ പൊറുതിമുട്ടുകയാണ്. സർക്കാർ ഒരു തരത്തിലുമുള്ള ഇടപെടലുകളും വിപണിയിൽ നടത്തുന്നില്ല. ക്ഷേമ പെൻഷനുകൾ മുടങ്ങിയിട്ട് മാസങ്ങളായി. വൈദ്യുതി ചാർജ് കൂട്ടിയും, ഭൂനികുതിയും കെട്ടിടനികുതിയും വർധിപ്പിച്ചും ജനങ്ങളെ കൊള്ളയടിക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള ശക്തമായ ജനവിധിയായിരിക്കും അടുത്ത തിരഞ്ഞെടുപ്പുകളിൽ ഉണ്ടാകാൻ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കൺവെൻഷനിൽ എഐസിസി തീരുമാനങ്ങൾ റിപ്പോർട്ടായി അഡ്വ. ടി സിദ്ദിഖ് എംഎൽഎ അവതരിപ്പിച്ചു. അടുത്ത ദിവസങ്ങളിൽ എഐസിസി പ്രമേയങ്ങൾ താഴെത്തട്ടിൽ വരെ പ്രവർത്തകർ ചർച്ച ചെയ്യുമെന്നും, താഴെത്തലങ്ങളിൽ സംഘടനയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള നടപടികൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

 

ഡിസിസി പ്രസിഡന്റ് എൻഡി അപ്പച്ചൻ അധ്യക്ഷനായ കൺവെൻഷനിൽ ഐസി ബാലകൃഷ്ണൻ എംഎൽഎ, പികെ ജയലക്ഷ്മി, കെഎൽ പൗലോസ്, പിപി ആലി, കെഇ വിനയൻ, പിടി ഗോപാലക്കുറുപ്പ്, കെകെ വിശ്വനാഥൻ, കെവി പോക്കർഹാജി, വിഎ മജീദ്, ഒവി അപ്പച്ചൻ, ബിജു എംജി, ബിനു തോമസ്, അഡ്വ. എൻകെ വർഗീസ്, ടിജെ ഐസക്, പികെ അബ്ദുൽ റഹ്‌മാൻ, അഡ്വ. വേണുഗോപാൽ, എംഎ ജോസഫ്, വിജയമ്മ ടീച്ചർ, ബീന ജോസ്, ശോഭന കുമാരി, ജിനി തോമസ്, ബെന്നി പിഎം, എൻസി കൃഷ്ണകുമാർ, ഡിപി രാജശേഖരൻ, സിൽവി തോമസ്, ഒആർ രഘു, അഡ്വ. രാജേഷ് കുമാർ, നിസ്സി അഹമ്മദ്, ഇഎ ശങ്കരൻ, ഉമ്മർ കുണ്ടാട്ടിൽ, വർഗീസ് മൂരിയങ്കാവിൽ, പോൾസൺ കൂവക്കൽ, എഎം നിഷാന്ത്, ജിൻസൺ തൂപ്പുങ്കര തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *