പി.എം.ജി.എസ്.വൈ. ഐ വി മാര്‍ഗരേഖയില്‍ മാറ്റം വരുത്തണം പ്രിയങ്ക ഗാന്ധി എം.പി
കല്‍പ്പറ്റ : വയനാട് നിയോജകമണ്ഡലത്തിലെ ഗ്രാമീണ റോഡുകളുടെ പൂര്‍ത്തീകരണം വൈകുന്നതും വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ മുഴുവന്‍ ഉന്നതികളെയും ബന്ധിപ്പിക്കുന്ന തരത്തില്‍ പി.എം.ജി.എസ്.വൈ.ഐവി മാര്‍ഗ്ഗരേഖയില്‍ മാറ്റം വരുത്തണമെന്നും പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ ന്യൂനതകള്‍ ചൂണ്ടിക്കാണിച്ചും കേന്ദ്ര ഗ്രാമ വികസന, കൃഷി വകുപ്പ് മന്ത്രി ശിവരാജ് സിംഗ് ചൗഹാന് പ്രിയങ്ക ഗാന്ധി എം.പി. കത്തയച്ചു. വയനാട്ടിലെ മൂവായിരത്തി ഇരുന്നൂറോളം വരുന്ന ആദിവാസി ഉന്നതികള്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്‌നം റോഡുകള്‍ ഉള്‍പ്പടെയുള്ള അവരുടെ അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മകളാണ്.
ചികിത്സ സൗകര്യങ്ങള്‍, കുടിവെള്ളം ഉള്‍പ്പടെയുള്ള അടിസ്ഥാന സൗകര്യ വികസനം സാധ്യമാവണമെങ്കില്‍ ഈ ഉന്നതികളെ പട്ടണവുമായി ബന്ധിപ്പിച്ചുള്ള റോഡ് സൗകര്യങ്ങള്‍ ആവശ്യമാണ്. കാടുകള്‍ക്കകത്തുള്ള ട്രൈബല്‍ ഉന്നതികളില്‍ തൊഴില്‍ ലഭ്യതകുറവ് മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആദിവാസി സമൂഹത്തിന്റെ കൊഴിഞ്ഞു പോക്കും മനുഷ്യ വന്യമൃഗ സംഘര്‍ഷത്തെ നേരിടുന്നതിന് വരെ കണക്ടിവിറ്റിയുടെ കുറവ് വെല്ലുവിളിയാവുന്നുണ്ട്. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ ഭാഗമായി ആദിവാസി സമൂഹം ആസ്പിരേഷണല്‍ ജില്ലകളില്‍ സാമൂഹിക സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആദിവാസി സമൂഹം കൂടുതലായി താമസിക്കുന്ന ഗ്രാമങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്ന് നിഷ്‌കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ പി.എം.ജി.എസ്.വൈ. (കഢ ) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് 500 നു മേല്‍ ജനസംഖ്യയും അതില്‍ 50% ആദിവാസികളും താമസിക്കുന്ന ഗ്രാമങ്ങള്‍ക്ക് മാത്രമേ പദ്ധതിയെറ്റെടുക്കാവു എന്ന നിബന്ധനയുള്ളതായി പ്രിയങ്ക ഗാന്ധി എം.പി. ചൂണ്ടിക്കാണിക്കുന്നു. വയനാട് നിയോജകമണ്ഡലത്തിലെ കാടുകള്‍ക്ക് അകത്തുളള പല ആദിവാസി ഊരുകളും നൂറില്‍ താഴെ മാത്രം ജനസംഘ്യ ഉള്ള ഉന്നതികളായതിനാല്‍ ഭൂരിഭാഗം ഉന്നതികളും പദ്ധതിയില്‍ ഉള്‍പ്പെടാതെ പോവുന്ന സാഹചര്യമുണ്ട്. വയനാടിന്റെ പ്രത്യേക സാമൂഹിക സാമ്പത്തിക വെല്ലുവിളികള്‍ പരിഗണിച്ച് ഈ മാര്‍ഗനിദ്ദേശത്തില്‍ ഇളവ് നല്‍കണമെന്ന് പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ ആവശ്യമുന്നയിച്ചു. പ്രധാനമന്ത്രി ഗ്രാമീണ സഡക് യോജനയുടെ ഭാഗമായ വെള്ളമുണ്ട പുളിഞ്ഞാല്‍ റോഡും, അച്ചൂര്‍ പാലത്തിന്റെ നിര്‍മ്മാണത്തിലും വലിയ കാലതാമസം ഉണ്ടാവുന്നു. 2023 മുതല്‍ നിരന്തരമായ സമ്മര്‍ദ്ദം പ്രാദേശിക അധികൃതര്‍ക്ക് മേല്‍ ചെലുത്തുന്നുണ്ടെങ്കിലും ഫലം കാണാത്ത സാഹചര്യത്തില്‍ മന്ത്രിയുടെ ഇടപെടല്‍ വേണമെന്നും കത്തില്‍ ആവശ്യമുണ്ട്. പ്രധാനമന്ത്രി കൃഷി വികാസ് യോജനയുടെ ഭാഗമായി ചെറുകിട കര്‍ഷകര്‍ക്ക് സ്പ്രിങ്ക്‌ളര്‍ ഇറിഗേഷന്‍ സ്ഥാപിക്കുന്നതിന് വേണ്ടി പദ്ധതി ഉണ്ട്. എന്നാല്‍ പദ്ധതിയുടെ ഇന്‍സ്റ്റലേഷന്‍ ചിലവും അതിന്റെ ജി.എസ്.ടി.യും സബ്‌സിഡിയില്‍ നിന്നു ഒഴിവാക്കിയതിനാല്‍ കര്‍ഷകര്‍ക്ക് വലിയ ചെലവ് വരുന്നുവെന്നും ഇത് പദ്ധതി നടപ്പിലാക്കാന്‍ വെല്ലുവിളിയുണ്ടാക്കുന്നുവെന്നും കത്തില്‍ പ്രിയങ്ക ഗാന്ധി എം.പി. ചൂണ്ടിക്കാണിക്കുന്നു. വയനാടിന്റെത് പ്രത്യേക ഭൂപ്രകൃതി ആയതിനാല്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് കര്‍ഷകര്‍ക്ക് കൂടുതല്‍ സ്പ്രിങ്ക്‌ളര്‍ സെറ്റുകള്‍ സ്ഥാപിക്കേണ്ടതായി വരുന്നുണ്ട്. ഉയര്‍ന്ന തൊഴില്‍ വേതനവും പമ്പ് സെറ്റുകളുടെയും ഇന്‍സ്റ്റലേഷന്റെയും ചെലവും കര്‍ഷകര്‍ക്ക് ആകെ ചിലവിന്റെ എഴുപതു ശതമാനത്തോളം പണം കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാക്കുന്നതായും കത്തില്‍ പറയുന്നു. ഇതിനായി അധിക സാമ്പത്തിക സഹായം ഈ പദ്ധതിയില്‍ പ്രത്യേക പരിഗണന നല്‍കി അനുവദിക്കണമെന്നും പ്രിയങ്ക ഗാന്ധി എം.പി. കത്തില്‍ ആവശ്യപ്പെട്ടു.





Leave a Reply