June 19, 2026

പാല്‍ വില നിര്‍ണയിക്കുന്നത് പാലിന്റെ ഗുണനിലവാരം അനുസരിച്ച്: ക്ഷീരവികസന വകുപ്പ്

0
പാല്‍ വില നിര്‍ണയിക്കുന്നത് പാലിന്റെ ഗുണനിലവാരം അനുസരിച്ച്: ക്ഷീരവികസന വകുപ്പ്
By ന്യൂസ് വയനാട് ബ്യൂറോ

 

കല്‍പ്പറ്റ:മില്‍മ സംഘങ്ങളില്‍ നിന്ന് ശേഖരിക്കുന്ന പാലിന്റെ വില നിര്‍ണയിക്കുന്നതിനുള്ള അധികാരം ഹൈക്കോടതി ഉത്തരവ് പ്രകാരം മില്‍മക്കാണെന്ന് ജില്ലാ ക്ഷീര വികസന വകുപ്പ് അറിയിച്ചു. പാലിന്റെ ഗുണനിലവാരം അനുസരിച്ചാണ് വില നിര്‍ണയം. പ്രത്യേകം തയ്യാറാക്കിയ പ്രൈസ് ചാര്‍ട്ടുകള്‍ പ്രകാരമാണ് ശേഖരിക്കുന്ന പാലിന് മില്‍മ ക്ഷീര സഹകരണ സംഘങ്ങള്‍ ക്ഷീര കര്‍ഷകര്‍ക്ക് വില നല്‍കുന്നത്. ക്ഷീര കര്‍ഷകര്‍ ക്ഷീര സംഘത്തില്‍ അളക്കുന്ന പാലിന്റെ കൊഴുപ്പ്, കൊഴുപ്പേതര ഖരപഥാര്‍ഥങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പാല്‍ പരിശോധന നടത്തിയാണ് വില നിര്‍ണയം നടത്തുന്നത്.

മികച്ച ഗുണ നിലവാരമുള്ള പാലിന് ശരാശരി 43 രൂപ മുതല്‍ 46 രൂപ വരെ ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്നു. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ മാനദണ്ഡപ്രകാരം പശുവിന്‍ പാലില്‍ ചുരുങ്ങിയത് 3.2 % കൊഴുപ്പും 8.3 % എസ്എന്‍എഫുമാണ് (സോളിഡ്‌സ് -നോട്ട്-ഫാറ്റ്) നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ജില്ലയിലെ 56 ക്ഷീര സംഘങ്ങളില്‍ പ്രതിദിനം പാല്‍ അളക്കുന്ന 15000 ത്തോളം ക്ഷീര കര്‍ഷകരില്‍ 90 % വും മികച്ച ഗുണ നിലവാരമുള്ള പാലാണ് സംഘത്തില്‍ നല്‍കുന്നത്.

മില്‍മ അവസാനമായി പാല്‍വില വര്‍ധിപ്പിച്ചത് 2022 ഡിസംബറിലാണ്. 2022 ഡിസംബര്‍ ഒന്ന് മുതല്‍ വിലവിവര പട്ടിക പ്രാബല്യത്തില്‍ വന്നു. വര്‍ധിപ്പിച്ച തുകയില്‍ ലിറ്ററൊന്നിന് 5.025 രൂപയും ക്ഷീര കര്‍ഷകര്‍ക്ക് ലഭിക്കുന്ന രീതിയിലാണ് വര്‍ധന നടപ്പാക്കിയത്. വില വിവര പട്ടിക പ്രകാരം ക്ഷീര കര്‍ഷകന് ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിരക്ക് ലിറ്ററിന് 38.29 രൂപയാണ്.

ക്ഷീര വികസന വകുപ്പ് ജില്ലാ ഗുണ നിയന്ത്രണ ഓഫീസിന്റെ കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷം വയനാട് ജില്ലയുടെ പാല്‍ ഗുണമേന്മ ശരാശരി 4.05 % കൊഴുപ്പും 8.37 % എസ്എന്‍എഫുമാണ്. മില്‍മ ചാര്‍ട്ട് പ്രകാരം 45.53 രൂപയാണ് ശരാശരി പാല്‍ വില. അത്യുല്‍പാദന ശേഷിയുള്ള എച്ച് എഫ് ഇനത്തില്‍പ്പെട്ട പശുക്കളുടെ പാലിന്റെ കൊഴുപ്പ് ശരാശരി 3.5 % ആയതിനാല്‍ അത്തരം പശുക്കളെ മാത്രം വളര്‍ത്തുന്ന ക്ഷീര കര്‍ഷകര്‍ക്കും പ്രസവത്തെ തുടര്‍ന്ന് ഇളം കറവയുള്ള പശുക്കളുടെ പാലിനും മാത്രമാണ് കുറഞ്ഞ ശരാശരി വിലയായ 40 രൂപ ലഭിക്കുന്നത്.

അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ പാലുല്പാദന ചെലവ് താരതമ്യേന കുറവായതിനാല്‍ പാല്‍ വിലയും കുറവാണ്. പശു വളര്‍ത്തലിന് ആവശ്യമായ ഉപോല്‍പ്പന്നങ്ങളുടെ ലഭ്യത കേരളത്തില്‍ കുറവാണ്. തീറ്റ വസ്തുക്കള്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും വരുന്നതിനാല്‍ കേരളത്തിലെ പാലുല്പാദന ചെലവ് കൂടുതലാണ്.

ക്ഷീര കര്‍ഷകര്‍ക്കായി ഇന്ന് ധാരാളം ധനസഹായ പദ്ധതികള്‍ ക്ഷീര വികസന വകുപ്പ് നടപ്പിലാക്കിവരുന്നുണ്ട്. തീറ്റപ്പുല്‍ കൃഷി വ്യാപനത്തിന് സബ്‌സിഡി നിരക്കില്‍ തീറ്റവസ്തുക്കള്‍ വിതരണം ചെയ്യുന്ന പദ്ധതികള്‍, ശാസ്ത്രീയ രീതിയില്‍ പശുപരിപാലനത്തിനുതകുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതി എന്നിങ്ങനെ പല ധനസഹായ പദ്ധതികളും സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നു. പാല്‍ വില വര്‍ദ്ധിപ്പിക്കാതെ തന്നെ പാല്‍ ഉല്‍പാദന ചെലവ് കുറച്ച് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ഇതിലൂടെ സാധിക്കുന്നു.

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *