മഴക്കെടുതിയിൽ ദുരിതത്തിലായി ഒരു കുടുംബം: മാനന്തവാടിയിൽ റോഡ് പണി ഭീഷണിയാകുന്നു
മാനന്തവാടി: കൊയിലേരി-പയ്യമ്പള്ളി പി.ഡബ്ല്യു.ഡി റോഡിന്റെ പുനർനിർമ്മാണം നടക്കുന്നതിനിടെ മഴക്കെടുതിയിൽ ദുരിതത്തിലായി ഒരു കുടുംബം. കൊയിലേരി ടൗണിനടുത്തു താമസിക്കുന്ന ഈന്തന മൂല സുധാകരന്റെയും കുടുംബത്തിന്റെയും വീടിന്റെ മുറ്റത്തേക്ക് മഴ പെയ്യുമ്പോൾ വൻതോതിൽ വെള്ളവും ചെളിയും ഒഴുകിയെത്തുന്നത് ഇവരുടെ ജീവിതം ദുസ്സഹമാക്കുകയാണ്.
റോഡ് പണിയുടെ അപാകതകളാണ് ഈ ബുദ്ധിമുട്ടുകൾക്ക് കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. മൂന്നാഴ്ച മുൻപ് റോഡരികിൽ കരിങ്കല്ല് കെട്ടി ഉയർത്തിയ ഭാഗത്ത് ഒരു ചരക്ക് ലോറിക്ക് സൈഡ് കൊടുത്തപ്പോൾ ലോറി ചെരിയുകയും കരിങ്കൽക്കെട്ട് ഇടിഞ്ഞുപോവുകയും ചെയ്തിരുന്നു. ഫയർഫോഴ്സിന്റെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടൽ മൂലമാണ് ലോറി വീട്ടുമുറ്റത്തേക്ക് മറിയാതെ വൻ ദുരന്തം ഒഴിവായത്.
തുടർന്ന് റോഡ് പണിക്കാർ ഈ ഭാഗം കരിങ്കല്ല് ഉപയോഗിച്ച് ബലപ്പെടുത്തിയെങ്കിലും, ഇപ്പോഴും വൻതോതിൽ മഴവെള്ളവും ചെളിയും വീടിന്റെ മുറ്റത്തേക്ക് ഒഴുകിയെത്തുന്ന സ്ഥിതി തുടരുകയാണ്.
ഈന്തന മൂല സുധാകരന്റെ കുടുംബം മാത്രമല്ല, ഈന്തനമൂല പ്രഭാകരൻ, ഈന്തന മൂല ശിവദാസൻ എന്നിവരുടെ വീടുകളും ചെറിയ പ്ലോട്ടുകളും ഈ വെള്ളക്കെട്ട് ഭീഷണിയിലാണ്.
ഈ ഭാഗത്തെ കരിങ്കൽക്കെട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്ത്, വെള്ളം ഒഴുകിപ്പോകാൻ ഒരു ചാൽ നിർമ്മിച്ചാൽ മാത്രമേ ഈ ബുദ്ധിമുട്ടുകൾക്ക് ശാശ്വത പരിഹാരമാകൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അധികാരികൾ തയ്യാറാകണമെന്ന ആവശ്യം ശക്തമാണ്.





Leave a Reply