May 26, 2026

ചെന്നലോട്-ഊട്ടുപാറ റോഡ്: അനാസ്ഥ ആരോപിച്ച് യു.ഡി.എഫ് പ്രതിഷേധത്തിൽ

0
IMG_20250603_192733
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: വയനാട്ടിലെ ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിർമ്മാണത്തിൽ പൊതുമരാമത്ത് വകുപ്പിനും കരാറുകാരനും ഗുരുതരമായ അനാസ്ഥയുണ്ടെന്ന് ആരോപിച്ച് യു.ഡി.എഫ് കോട്ടത്തറ പഞ്ചായത്ത് കമ്മിറ്റി രംഗത്ത്. രാഹുൽ ഗാന്ധി എം.പി.യുടെ സി.എസ്.ആർ. ഫണ്ടിൽ നിന്ന് അനുവദിച്ച 15 കോടി രൂപയുടെ റോഡ് പണി ഒരു വർഷത്തോളമായി നിലച്ചിരിക്കുകയാണെന്നും, അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും യു.ഡി.എഫ് മുന്നറിയിപ്പ് നൽകി.

റോഡിന്റെ ഒന്നാം ഘട്ട ടാറിംഗ് പൂർത്തിയായെങ്കിലും, കഴിഞ്ഞ മഴക്കാലത്ത് വെണ്ണിയോട് ജലനിധി പമ്പ് ഹൗസ് മുതൽ കരിഞ്ഞ കുന്ന് അങ്കൺവാടി വരെയുള്ള ഭാഗം പുഴയോരം ഇടിഞ്ഞ് വലിയ അപകടാവസ്ഥയിലായിട്ടുണ്ട്. പല ഭാഗങ്ങളിലും റോഡ് നാമമാത്രമായി മാറിയെന്നും, ഉള്ള റോഡിന്റെ അടിഭാഗം മണ്ണ് നീങ്ങി പൊള്ളയായ അവസ്ഥയിലാണെന്നും യു.ഡി.എഫ് ചൂണ്ടിക്കാട്ടി.

ടി. സിദ്ദിഖ് എം.എൽ.എ ഉൾപ്പെടെയുള്ള ജനപ്രതിനിധികളും പൊതുപ്രവർത്തകരും നിരവധി തവണ പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ടിട്ടും സംസ്ഥാന സർക്കാർ നിസ്സംഗത തുടരുകയാണെന്ന് യു.ഡി.എഫ് ആരോപിച്ചു. ജീവനക്കാർ തമ്മിലുള്ള തർക്കങ്ങളോ, എം.പി. അനുവദിച്ച റോഡ് പണി നടക്കാതിരിക്കാനുള്ള രാഷ്ട്രീയക്കളിയോ ആണോ ഇതിന് പിന്നിലെന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും അവർ പറഞ്ഞു. റോഡ് പണിക്ക് മേൽനോട്ടം വഹിക്കേണ്ട ചീഫ് എഞ്ചിനീയർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ അടിക്കടി മാറ്റുന്നത് ഉന്നതതല ഗൂഢാലോചനയാണോ എന്നും യു.ഡി.എഫ് സംശയം പ്രകടിപ്പിച്ചു.

ഒന്നാംഘട്ട പ്രവൃത്തിക്ക് ശേഷം കരാറുകാരൻ നിസ്സംഗത പുലർത്തുന്നതിൽ ജനങ്ങൾക്കിടയിൽ വലിയ രോഷമുണ്ട്. ഈ വിഷയത്തിൽ വകുപ്പ് മന്ത്രി അടിയന്തരമായി ഇടപെടണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പ് നൽകി.

പി.സി. അബ്ദുള്ള അധ്യക്ഷം വഹിച്ച യോഗത്തിൽ കൺവീനർ സുരേഷ് ബാബു വാളൽ, സി.സി. തങ്കച്ചൻ, മാണി ഫ്രാൻസിസ്, പി.പി. രനീഷ്, വി.സി. അബൂബക്കർ, പോൾസൺ കൂവക്കൽ, കെ.കെ. മുഹമ്മദലി, സി.കെ. ഇബ്രായി, പി.ഇ. വിനോജ് എന്നിവരും ജനപ്രതിനിധികളായ ഹണി ജോസ്, പി.എ. നസീമ, ബിന്ദു മാധവൻ, പുഷ്പസുന്ദരൻ, ഇ.കെ. വസന്ത എന്നിവരും സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *