പ്ലാസ്റ്റിക് മലിനീകരണം: ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു

ചെന്നലോട്: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പ് പ്ലാസ്റ്റിക് മലിനീകരണ പ്രതിരോധം എന്ന വിഷയത്തിൽ ജില്ലാതല സെമിനാർ സംഘടിപ്പിച്ചു. തരിയോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ വെച്ച് നടന്ന പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം സൂന നവീൻ അധ്യക്ഷത വഹിച്ച സെമിനാറിൽ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. മോഹൻദാസ് പരിസ്ഥിതി ദിന സന്ദേശം നൽകി. പ്ലാസ്റ്റിക് മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ചും അതിന്റെ പ്രതിരോധ മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ജില്ലാ സർവയലൻസ് ഓഫീസർ ഡോ. ദിനേഷ് പി., എൻ.സി.ഡി. ജില്ലാ നോഡൽ ഓഫീസർ ഡോ. ദീപ കെ.ആർ., ആർദ്രം മിഷൻ ജില്ലാ നോഡൽ ഓഫീസർ ഡോ. സുഷമ, ജില്ലാ മീഡിയ & എജുക്കേഷൻ ഓഫീസർ വിൻസൻറ് സിറിൾ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. പ്ലാസ്റ്റിക് മലിനീകരണം ആരോഗ്യത്തിനും പരിസ്ഥിതിക്കും വരുത്തുന്ന ആഘാതങ്ങൾ, മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം തുടങ്ങിയ വിഷയങ്ങൾ ചർച്ചയിൽ വന്നു.
മെഡിക്കൽ ഓഫീസർ ഡോ. ദിവ്യകല സ്വാഗതവും ഹെൽത്ത് ഇൻസ്പെക്ടർ അശോകൻ നന്ദിയും പറഞ്ഞു. തരിയോട് ഹെൽത്ത് ബ്ലോക്കിൽ നിന്നുള്ള ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ തുടങ്ങിയ നിരവധി പേർ സെമിനാറിൽ പങ്കെടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനും സെമിനാർ സഹായകമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.
Leave a Reply