വെള്ളരിമല മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ല: ജില്ലാ കളക്ടര്‍

വെള്ളരിമല മലവാരം ഭാഗത്തുണ്ടായ മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഡി.ആര്‍.മേഘശ്രീ അറിയിച്ചു. നിലമ്പൂര്‍ കോവിലകം വെസ്റ്റഡ് ഫോറസ്റ്റ് ഉള്‍പ്പെടുന്ന പ്രദേശത്താണ് മണ്ണിടിച്ചിലുണ്ടായത്.
മെയ് 30 ന് വൈകീട്ട് 3.30 ഓടെയാണ് വെള്ളരിമല മലവാരം ഭാഗത്ത് മണ്ണിടിച്ചിലുണ്ടായതായി വില്ലേജ് ഓഫീസര്‍ മുഖാന്തിരം ജില്ലാ അടിയന്തര കാര്യനിര്‍വഹണ വിഭാഗത്തില്‍ വിവരം ലഭിക്കുന്നത്. തുടര്‍ന്ന് അതേ ദിവസം തന്നെ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴ്സന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. മണ്ണിടിച്ചില്‍ ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് ഏറെ അകലെയാണെന്നും ആളുകളെ ബാധിച്ചിട്ടില്ലെന്നും യോഗം വിലയിരുത്തി.
യോഗ തീരുമാനപ്രകാരം, മെയ് 31 ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി കോര്‍ കമ്മിറ്റി അംഗങ്ങളും മുണ്ടക്കെ ഫോറസ്റ്റ് സ്റ്റേഷനില്‍ നിന്നുള്ള സംഘവും സ്ഥലം സന്ദര്‍ശിച്ചു. മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന് രണ്ടര കിലോമീറ്റര്‍ അടുത്തുവരെ എത്തിയ സംഘം, ജനവാസ കേന്ദ്രങ്ങളെ ഇത് ബാധിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി. അരണപ്പുഴ വഴി ചാലിയാറിലേക്ക് ഒഴുകുന്ന കൈവഴിയാണ് ഈ മലയോരത്ത് നിന്ന് ഉത്ഭവിക്കുന്നത്.
Leave a Reply