പെരിക്കല്ലൂർ വക്കീൽ നോട്ടീസ്: കോൺഗ്രസ് പ്രക്ഷോഭവുമായി രംഗത്ത്; ജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്ന് പ്രഖ്യാപിച്ചു

മുള്ളൻകൊല്ലി: മുള്ളൻകൊല്ലി പഞ്ചായത്തിലെ പെരിക്കല്ലൂർ പ്രദേശത്തെ നൂറുകണക്കിന് കുടുംബങ്ങൾക്ക് ഭീഷണിയായി ലഭിച്ച വക്കീൽ നോട്ടീസുകൾ ഒരു കാരണവശാലും അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസ്താവിച്ചു. പ്രദേശത്തെ ജനങ്ങൾക്ക് പൂർണ്ണ സംരക്ഷണം നൽകുമെന്നും കോൺഗ്രസ് നേതൃത്വം ഉറപ്പുനൽകി.
പതിറ്റാണ്ടുകളായി പെരിക്കല്ലൂരിൽ താമസിക്കുന്നവർക്ക് സർക്കാർ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി പട്ടയം അനുവദിച്ചതാണെന്നും, എന്നാൽ കാലഹരണപ്പെട്ട രേഖകളുടെ നമ്പറുകൾ ചൂണ്ടിക്കാട്ടി നിയമവിരുദ്ധമായ നോട്ടീസുകളാണ് നൽകിയിരിക്കുന്നതെന്നും കോൺഗ്രസ് ആരോപിച്ചു. പ്രദേശത്തെ വസ്തുക്കളിൽ പുറത്തുനിന്നുള്ള ആരെയും കാൽ കുത്താൻ അനുവദിക്കില്ലെന്നും ജനങ്ങൾക്ക് എല്ലാവിധ സംരക്ഷണ സഹായങ്ങളും നൽകുമെന്നും മണ്ഡലം കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി.
മണ്ഡലം പ്രസിഡന്റ് ഷിനോ തോമസ് അധ്യക്ഷത വഹിച്ച യോഗം അഡ്വ. പി.ഡി. സജി ഉദ്ഘാടനം ചെയ്തു. ഡി.സി.സി. സെക്രട്ടറിമാരായ എൻ.യു. ഉലഹന്നാൻ, അഡ്വ. ഒ.ആർ. രഘു, ബീനാ ജോസ്, ബ്ലോക്ക് പ്രസിഡന്റ് വർഗ്ഗീസ് മുരിയൻകാവിൽ, ശിവരാമൻ പാറക്കുഴി, സണ്ണി മണ്ഡപത്തിൽ, ജോസ് കണ്ടംതുരുത്തി, ജോസ് നെല്ലേടം, സി.കെ. ജോർജ്ജ്, മനോജ് കടുപ്പിൽ, മെഴ്സി ബെന്നി, ജാൻസി വടാനയിൽ, ജോയി യു.പി., ജൈനു, ജോസ് പുത്തൻപുര എന്നിവർ യോഗത്തിൽ സംസാരിച്ചു.
Leave a Reply