January 24, 2026

കൽപ്പറ്റ സിഐക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ യുവജനതാദൾ

0
IMG_20250609_205615
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: കൽപ്പറ്റ സിഐ ബിജു ആന്റണിക്കെതിരെ നടപടി ആവശ്യപ്പെട്ട് രാഷ്ട്രീയ യുവജനതാദൾ രംഗത്ത്. പെൺകുട്ടികൾക്ക് നേരെ നടന്ന അതിക്രമത്തിൽ കേസെടുക്കാതെ പരാതിക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും പ്രതിക്ക് അനുകൂലമായി കാര്യങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്തുവെന്ന് രാഷ്ട്രീയ യുവജനതാദൾ ആരോപിച്ചു. ഇതിൽ ഇടപെട്ട വയനാട് ജില്ലാ പ്രസിഡന്റ് പി.പി. ഷൈജലിനെ അറസ്റ്റ് ചെയ്യാൻ ശ്രമം നടത്തിയെന്നും രാഷ്ട്രീയ യുവജനതാദൾ ആരോപണത്തിൽ പറയുന്നു.

ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് വ്യക്തിതാൽപര്യങ്ങൾക്കായി കൽപ്പറ്റ സ്റ്റേഷനെ ഉപയോഗിച്ച സിഐക്കെതിരെ അടിയന്തര വകുപ്പുതല നടപടി സ്വീകരിക്കാൻ വയനാട് ജില്ലാ പോലീസ് സൂപ്രണ്ട് തയ്യാറാകണമെന്ന് രാഷ്ട്രീയ യുവജനതാദൾ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

കഴിഞ്ഞ കുറച്ചുകാലമായി കൽപ്പറ്റ പോലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ച് ഉന്നതങ്ങളിൽ സ്വാധീനമുള്ളവർക്ക് മാത്രമാണ് കാര്യങ്ങൾ നടക്കുന്നതെന്നും രാഷ്ട്രീയ യുവജനതാദൾ ചൂണ്ടിക്കാട്ടി. കഴിഞ്ഞ മാസവും സ്ത്രീകൾക്കെതിരായ സമാനമായ വിഷയങ്ങളിൽ കേസെടുക്കാതെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് സിഐ സ്വീകരിച്ചതെന്നും അവർ പറയുന്നു. പരാതി നൽകുന്നവരുടെ രാഷ്ട്രീയ സ്വാധീനവും മറ്റ് കാര്യങ്ങളും വിലയിരുത്തിയാണ് കേസെടുക്കുന്നത്.

നിരവധി ആളുകൾക്ക് രാഷ്ട്രീയവും അല്ലാത്തതുമായ കേസുകളിൽ കൽപ്പറ്റ സ്റ്റേഷനിൽ വാറണ്ട് നിലനിൽക്കുന്നുണ്ടെങ്കിലും അതിലൊന്നും നടപടിയെടുക്കാതെ, ഒത്തുതീർപ്പായ രണ്ട് കേസുകളിലും ആൾമാറി പ്രതിചേർത്ത ഒരു രാഷ്ട്രീയ സമര കേസിലുമാണ് പി.പി. ഷൈജലിനെ കോടതി അവധിയായ ദിവസം നോക്കി അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യാൻ ശ്രമം നടന്നതെന്ന് യുവജനതാദൾ ആരോപിച്ചു. പ്രശ്നങ്ങളിൽ ഇടപെടുന്ന പൊതുപ്രവർത്തകർക്ക് പോലും രക്ഷയില്ലാത്ത അവസ്ഥയാണ് കൽപ്പറ്റ സ്റ്റേഷനിൽ നിലനിൽക്കുന്നതെന്നും, ഇത്തരത്തിൽ പ്രതികാര നടപടികളുമായി നടക്കുന്നവർ സ്റ്റേഷൻ ചുമതല വഹിക്കാൻ യോഗ്യരല്ലെന്നും അടിയന്തര നടപടി അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ച് വയനാട് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നൽകാനും രാഷ്ട്രീയ യുവജനതാദൾ ജില്ലാ കമ്മിറ്റി തീരുമാനിച്ചു.

രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പി.പി. ഷൈജൽ അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ടി. ഹാഷിം, സെക്രട്ടറി അജ്മൽ സാജിദ്, വിദ്യാർത്ഥി ജനതാദൾ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജിതിൻ രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗം ജോമിഷ് പി.ജെ., അഡ്വ. സുകന്യ, ഷൈജൽ കൈപ്പ, ദൃശ്യ സുരേഷ്, നിസാർ പള്ളിമുക്ക്, ഉമ്മർ വെള്ളമുണ്ട, ജാഫർ സാദിഖ്, ജോസ് ചുണ്ടേൽ, നസീർ കക്കോടൻ എന്നിവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *