മഴ മുന്നറിയിപ്പില്‍ മാറ്റം, ഇന്ന് അഞ്ചുജില്ലകളില്‍ അതിതീവ്ര മഴ; റെഡ് അലര്‍ട്ട്
കോഴിക്കോട്: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് തീവ്ര, അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.ശക്തമായ മഴ കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച്, റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട അതിതീവ്രമഴയ്ക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
ഇന്നും നാളെയും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഒറ്റപ്പെട്ട അതിതീവ്ര മഴ മുന്നറിയിപ്പ് ഉള്ളത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.
ഇന്നും നാളെയും ( ശനി, ഞായര്‍) എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് ഉണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ തീവ്രമഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. തിങ്കളാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും ചൊവ്വാഴ്ച മലപ്പുറം, കോഴിക്കോട് ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ കര്‍ണാടക, അതിനോട് ചേര്‍ന്നുള്ള തെലുങ്കാന -റായലസീമയ്ക്ക് മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നുണ്ട്. കേരളത്തിന് മുകളില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തമായി തുടരുന്നു. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് കേരളത്തില്‍ വ്യാപക മഴ ലഭിക്കുന്നതെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 204.4 ാാ ല്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷ. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെയുള്ള അതിശക്തമായ മഴയ്ക്കും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കും. കുറഞ്ഞ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്ന പ്രവണതയാണ് പ്രതീക്ഷിക്കുന്നത്. അത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും പൊതുവെ താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. മഴ തുടരുന്ന സാഹചര്യം മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സൃഷ്ടിച്ചേക്കാം. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണം.
പൊതുജനങ്ങള്‍ക്കുള്ള പ്രത്യേക നിര്‍ദേശങ്ങള്‍
* ശക്തമായ മഴ ലഭിച്ചു കൊണ്ടിരിക്കുന്ന മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവര്‍ സുരക്ഷിതമായ സ്ഥലത്തേക്ക് മാറി താമസിക്കേണ്ടതാണ്. പകല്‍ സമയത്ത് തന്നെ മാറി താമസിക്കാന്‍ ആളുകള്‍ തയ്യാറാവണം.
* സ്ഥിരമായി വെള്ളക്കെട്ട് രൂപപ്പെടാറുള്ള താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ സാഹചര്യം വിലയിരുത്തി തയ്യാറാക്കപ്പെടുന്ന ക്യാമ്പുകളിലേക്ക് മാറണം.
* ശക്തമായ കാറ്റിനു സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
* സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
* ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
* മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പരമാവധി ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദ യാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ ഒഴിവാക്കേണ്ടതാണ്.
* ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ കാണണം.
* വിവിധ തീരങ്ങളില്‍ കടലാക്രമണം ശക്തമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തില്‍ മാറി താമസിക്കണം. മല്‍സ്യബന്ധനോപാധികള്‍ സുരക്ഷിതമാക്കി വെക്കണം.
* റെഡ്, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ മുന്‍കൂറായി ദുരിതാശ്വാസ ക്യാമ്പുകള്‍ സജ്ജീകരിക്കേണ്ടതാണ്. തങ്ങളുടെ പ്രദേശത്തെ ദുരിതാശ്വാസ ക്യാമ്പിനായി കണ്ടെത്തിയ കെട്ടിടം സംഭവിച്ച വിവരം ബന്ധപ്പെട്ട റവന്യൂ-തദ്ദേശ സ്ഥാപന അധികാരികളില്‍ നിന്ന് മുന്‍കൂറായി അറിഞ്ഞു വയ്ക്കേണ്ടതും അങ്ങോട്ടുള്ള സുരക്ഷിതമായ വഴി മനസിലാക്കി വയ്ക്കേണ്ടതുമാണ്.
* ദുരന്ത സാധ്യതാ മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്ക്കേണ്ടതാണ്.





Leave a Reply