പഞ്ചായത്ത് പ്രതിനിധികള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വം ഏറെയാണെന്ന് പ്രിയങ്കാഗാന്ധി എം പി
മാനന്തവാടി: ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ക്ക് ജനങ്ങളോടുള്ള ഉത്തരവാദിത്വം ഏറെയാണെന്ന് പ്രിയങ്കാഗാന്ധി എം പി. സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്നത് പ്രദേശത്തെ മെമ്പര്‍മാരോടാണെന്നും, അവരാണ് ജനങ്ങളുമായി നേരിട്ട് സംവാദിക്കുന്നതെന്നും അവര്‍ പറഞ്ഞു. മാനന്തവാടി മുന്‍സിപ്പാലിറ്റിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനവും, നഗരസഭയുടെ പയ്യമ്പള്ളി മേഖല ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു എം പി. മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ സി കെ രത്നവല്ലി അധ്യക്ഷയായി.ഉന്നത വിദ്യാഭ്യാസ മേഖലയില്‍ മികച്ച വിജയം നേടിയ ആന്‍ റോസിനെ ചടങ്ങില്‍ ആദരിച്ചു.
കേരളത്തില്‍ പാര്‍ട്ടികള്‍ക്ക് അധീതമായി മെമ്പര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുന്നത് അഭിമാനകരമായ നേട്ടമാണെന്നും പ്രിയങ്ക പറഞ്ഞു. അതിനാല്‍ വികസനപ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ മുന്നോട്ടുകൊണ്ടുപോകാനും സാധിക്കുന്നുണ്ട്. ജനങ്ങള്‍ക്ക് സേവനം ചെയ്യുന്നത് ഓരോ ജനപ്രതിനിധികളുടെയും കടമയാണെന്നും അവര്‍ പറഞ്ഞു. ആരോഗ്യരംഗത്തും, കുടിവെള്ളത്തിനും തെരുവുവിളക്ക് സ്ഥാപിക്കല്‍ എന്നിവക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടുള്ള മാനന്തവാടി നഗരസഭയുടെ പ്രവര്‍ത്തനം ഏറെ പ്രശംസനീയമാണ്. പ്രാദേശിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് നാടിന് വേണ്ടുന്ന വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ ജനപ്രതിനിധികള്‍ ഏറെ മുന്നിലാണെന്നും അവര്‍ പറഞ്ഞു. വൈസ് ചെയര്‍മാന്‍ ജേക്കബ്ബ് സെബാസ്റ്റ്യന്‍ സ്വാഗതം പറഞ്ഞു. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എ, ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്‍, മുന്‍മന്ത്രി പി കെ ജയലക്ഷ്മി, സി കുഞ്ഞബ്ദുള്ള, പടയന്‍ മുഹമ്മദ്, അഡ്വ. എന്‍ കെ വര്‍ഗീസ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ലേഖ രാജീവന്‍, പി വി എസ് മൂസ, സിന്ധു സെബാസ്റ്റ്യന്‍, കൗണ്‍സിലര്‍മാരായ ലൈല സജി, ഷിബു കെ ജോസ്, പി വി ജോര്‍ജ്ജ്, പി ഷംസുദ്ദീന്‍, ശോഭ രാജന്‍, ജിതേഷ് കുര്യാക്കോസ്, മുന്‍സിപ്പല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് രമ്യാ മഹേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.





Leave a Reply