June 18, 2026

‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’; പിഎന്‍ പണിക്കരുടെ സ്മരണയില്‍ ഇന്ന് വായനാ ദിനം

0
site-psd1
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ:ആധുനിക കാലത്ത് വായനയുടെ പ്രധാന്യവും പങ്കും വ്യക്തമാക്കി വീണ്ടുമൊരു വായനാ ദിനം കൂടി വന്നെത്തിയിരിക്കുകയാണ്. ശരീരത്തിന് ഊര്‍ജം പകരാന്‍ ഭക്ഷണമെന്നത് പോലെ മനസിന്റെ ആരോഗ്യത്തിന് അത്യുത്തമമാണ് വായന. കേരളത്തില്‍ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് തുടക്കമിട്ട പിഎന്‍ പണിക്കരുടെ ചരമദിനമാണിന്ന്.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിലൂടെ കേരളത്തില്‍ വായനയെ പ്രോത്സാഹിപ്പിച്ച പ്രമുഖ വ്യക്തിത്വമാണ് പിഎന്‍ പണിക്കര്‍. കേരളത്തില്‍ ഉടനീളം ഇതിനായി അദ്ദേഹം ഗ്രന്ഥശാലകള്‍ സ്ഥാപിച്ചു. നിരവധി നിരക്ഷരരെ അറിവിന്റെ ലോകത്തേക്ക് കൈ പിടിച്ചു.

വായന നമ്മെ അറിവിന്റെ മനോഹരമായ ലോകത്തെത്തിക്കും. ഓരോ വായനയിലും നിരവധി കാര്യങ്ങള്‍ പഠിക്കാന്‍ സാധിക്കും. പുതിയ വിഷയങ്ങളെ കുറിച്ച് പഠിക്കാനും ആലോചിക്കാനും അവസരവുമൊരുങ്ങും. അതുകൊണ്ട് തന്നെ പുതിയ വിവരങ്ങള്‍ കണ്ടെത്താനും വായനക്കാരന് സാധിക്കും.

ഇത്തരത്തില്‍ കാര്യങ്ങളുടെ പ്രാധാന്യമെല്ലാം വളരെ നേരത്തെ മനസിലാക്കിയ ആളാണ് പിഎന്‍ പണിക്കര്‍. ഇതുതന്നെയാണ് കേരളത്തില്‍ ആദ്യമായി വായനശാലയ്ക്ക് തുടക്കം കുറിക്കാനും അദ്ദേഹത്തിന് ഊര്‍ജം പകര്‍ന്നത്. പിഎന്‍ പണിക്കര്‍ നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് കേരള പബ്ലിക് ലൈബ്രറീസ് ആക്ട് സര്‍ക്കാര്‍ പാസാക്കിയത്. മാത്രമല്ല കേരളാ സംസ്ഥാന സാക്ഷരതാ മിഷന് അടിത്തറ പാകിയ കേരള അനൗപചാരിക വിദ്യാഭ്യാസ വികസന സമിതിക്ക് രൂപം നല്‍കിയതും അദ്ദേഹമാണ്.

മലയാളിയെ വായനയുടെ വിശാലതയിലേക്ക് കൈപിടിച്ചുയര്‍ത്തിയത് അദ്ദേഹമാണ്. വീടുകളില്‍ പുസ്തകങ്ങള്‍ എത്തിച്ച് വായനയിലൂടെ വിവേകം നേടാന്‍ പൊതുവായില്‍ നാരായണ പണിക്കര്‍ ആളുകളെ പഠിപ്പിച്ചു. വായനയെക്കുറിച്ച് നിരന്തരം സംസാരിച്ചു. വായനയിലൂടെ അറിവിന്റെയും ഭാവനയുടെയും ലോകം നമുക്ക് മുന്നില്‍ തുറക്കപ്പെടുന്നു. ഒരു വ്യക്തി തന്റെ ചുറ്റു പാടുകളെക്കുറിച്ച് മനസിലാക്കുന്നതിലും ചിന്തിക്കുന്നതിലും പ്രതികരിക്കുന്നതിലുമെല്ലാം വായനാ ശീലത്തിന് വലിയ പങ്കുണ്ട്.പിഎന്‍ പണിക്കരുടെ ഓര്‍മയ്ക്കായാണ് ജൂണ്‍ 19ന് വായനാദിനമായി ആചരിക്കുന്നത്. 1996 മുതല്‍ കേരള സര്‍ക്കാര്‍ വായനാദിനം ആചരിച്ച് വരുന്നുണ്ട്. എന്നാല്‍ 2017ല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ദേശീയ വായനാദിനമായും പ്രഖ്യാപിക്കുകയായിരുന്നു.

ആലപ്പുഴയിലെ നീലപേരൂരിലാണ് പിഎന്‍ പണിക്കരുടെ ജനനം. ഗോവിന്ദപ്പിള്ളയുടെയും ജാനകിയമ്മയുടെ മകനായ അദ്ദേഹം 1926ല്‍ സനാതന ധര്‍മ്മ വായന ശാല സ്ഥാപിച്ചു. ഇതാണ് വായന പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള തുടക്കം. ‘വായിച്ചു വളരുക, ചിന്തിച്ച് വിവേകം നേടുക’ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. പുതിയ അറിവുകളും പുത്തന്‍ ആശയങ്ങളുമെല്ലാം രൂപപ്പെടണമെങ്കില്‍ വായന കൂടിയേ തീരൂ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *