June 18, 2026

ആദിവാസി വിഭാഗങ്ങള്‍ക്ക് നേരെയുള്ള തൊഴില്‍ ചൂഷണം തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷന്‍

0
site-psd11
By ന്യൂസ് വയനാട് ബ്യൂറോ

കല്‍പ്പറ്റ : ജില്ലയിലെ ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ കര്‍ണാടകത്തിലെ കൃഷിയിടങ്ങളിലും മറ്റും ദുരൂഹസാഹചര്യത്തില്‍ കാണാതാവുകയും പിന്നീട് മരിക്കുകയും ചെയ്യുന്ന സംഭവങ്ങള്‍ വര്‍ധിക്കുന്നതായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ ഇക്കാര്യം സര്‍ക്കാര്‍തലത്തില്‍ വിശദമായി പരിശോധിച്ച് ആദിവാസി വിഭാഗത്തില്‍പെട്ടവര്‍ അനുഭവിക്കുന്ന ചൂഷണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും അവസാനിപ്പിക്കുന്നതിന് പട്ടികവര്‍ഗ വികസന വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥ്.

സ്വീകരിച്ച നടപടികള്‍ മൂന്ന് മാസത്തിനകം സമര്‍പ്പിക്കണമെന്നും ഉത്തരവില്‍ പറഞ്ഞു. ആദിവാസി വിഭാഗത്തിലുള്ളവരെ ദുരൂഹസാഹചര്യത്തില്‍ കാണാതാവുന്നതായി ആരോപിച്ച് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിനായി മാനന്തവാടി സബ് കളക്ടറെ ചുമതലപ്പെടുത്തിയതായി വയനാട് ജില്ലാ കളക്ടര്‍ കമ്മീഷനെ അറിയിച്ചു. കഴിഞ്ഞവര്‍ഷം ജനുവരി 24 ന് സബ് കളക്ടര്‍ വിളിച്ച ജനപ്രതിനിധികളുടെയും ജില്ലാ ഉദ്യോഗസ്ഥരുടെയും യോഗത്തില്‍, ചൂഷണത്തെകുറിച്ച് പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പിനും പട്ടികജാതി പട്ടിക വര്‍ഗ ഗോത്ര കമ്മീഷനും രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കര്‍ണാടകത്തിലേക്ക് ആദിവാസിവിഭാഗത്തിലുള്ള സ്ത്രീകളെ കൃഷി പണികള്‍ക്കായി കൊണ്ടുപോകുന്നതും കൂലി നല്‍കാതിരിക്കുന്നതും പതിവാണെന്നും റിപ്പോര്‍ട്ടിലുണ്ട്. ലൈംഗിക ചൂഷണത്തിനടക്കം വിധേയരാക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇക്കാര്യത്തില്‍ കുടക് ഭരണകൂടവുമായി സംയുക്ത യോഗം ചേര്‍ന്നിട്ടുള്ളതാണെന്നും നിലവില്‍ പരാതികളില്ലെങ്കിലും സാഹചര്യം നിരീക്ഷിച്ചു വരുന്നുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.ജില്ലാ ഭരണകൂടത്തിന്റെയും പോലീസിന്റെയും ഇടപെടലിന്റെ ഫലമായി കര്‍ണാടകത്തിലെ തൊഴില്‍ചൂഷണം ഒരു പരിധി വരെ നിയന്ത്രിക്കാനായതായി സംയോജിത പട്ടികവര്‍ഗ വികസന ഓഫീസര്‍ കമ്മീഷനെ അറിയിച്ചു. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി താലൂക്കുകളില്‍ നിന്നാണ് കൂടുതല്‍ ആളുകള്‍ കര്‍ണാടകത്തില്‍ ജോലിക്ക് പോകുന്നത്. കുറഞ്ഞ വിലയില്‍ സുലഭമായി ലഭിക്കുന്ന മദ്യവും മറ്റ് ലഹരി വസ്തുക്കളുമാണ് ഇവരെ ആകര്‍ഷിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ പോയി മരിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ നിലവില്‍ വ്യവസ്ഥയില്ല. എന്നാല്‍ മരിക്കുന്നയാള്‍ കുടുംബത്തിലെ ഏക വരുമാനദായകനാണെങ്കില്‍ 2 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുന്നുണ്ട്. കുടകില്‍ കൃഷിപണിക്കായി പോകുന്ന പട്ടികവര്‍ഗ വിഭാഗക്കാരുടെ വിവരങ്ങള്‍ പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് നിര്‍ദ്ദേശമുണ്ടെങ്കിലും അവര്‍ പാലിക്കാറില്ല. മദ്യത്തിന് അടിമയായവരുടെ ദൗര്‍ബല്യം തൊഴില്‍ ഉടമകള്‍ ചൂഷണം ചെയ്യുന്നുണ്ട്. തൊഴില്‍ ദാതാക്കള്‍ക്ക് നിയമ താക്കീതുകള്‍ നല്‍കിയും നഷ്ടപരിഹാരം അവരില്‍ നിന്നും ഈടാക്കുകയും ചെയ്താന്‍ ഇത്തരം മരണങ്ങള്‍ ഒഴിവാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

പരാതിക്ക് ആസ്പദമായ കാര്യങ്ങള്‍ നടക്കുന്നത് അയല്‍ സംസ്ഥാനത്തായതിനാല്‍ ജില്ലയിലെ ഉദ്യോഗസ്ഥര്‍ക്ക് ഇടപെടാന്‍ പരിമിതിയുണ്ടെന്ന് കമ്മീഷന്‍ ചൂണ്ടിക്കാണിച്ചു. വിഷയത്തിന്റെ എല്ലാവശങ്ങളും സര്‍ക്കാര്‍ പരിശോധിച്ച് ഫലപ്രദമായ ഇടപെടല്‍ നടത്തണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. നീതിവേദി പ്രസിഡന്റ് അഡ്വ. സ്റ്റീഫന്‍ മാത്യു സമര്‍പ്പിച്ച പരാതിയിലാണ് നടപടി.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news