കെബി റോഡിൽ ശുദ്ധജല വിതരണം നിലച്ചിട്ട് അഞ്ച് മാസങ്ങൾ
മേപ്പാടി : ടൗണിലെ കെബി റോഡിൽ ശുദ്ധജല വിതരണം നിലച്ചിട്ട് അഞ്ച് മാസങ്ങളായെങ്കിലും ഗ്രാമപ്പഞ്ചായത്ത് അവഗണിക്കുന്നതായി പരാതി. 100-ലധികം കുടുംബങ്ങളും കച്ചവടക്കാരുമാണ് കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്നത്.
എട്ട് പതിറ്റാണ്ട് മുൻപ് ബ്രിട്ടീഷുകാർ സ്ഥാപിച്ച ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള കുടിവെള്ളമായിരുന്നു മേപ്പാടിയിലെ ഇതര പ്രദേശങ്ങളിലെന്നപോലെ കെബി റോഡിലെ കുടുംബങ്ങൾക്കും ആശ്രയം. എന്നാൽ മലയോര പാതയായ മേപ്പാടി-ചൂരൽമല റോഡിൻ്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ചതോടെ കെബി റോഡിലെ ശുദ്ധജല വിതരണം നിലയ്ക്കുകയായിരുന്നു. രണ്ട് ദിവസം കൂടുമ്പോൾ പണം കൊടുത്ത് ടാങ്കറുകളിൽ വെള്ളമെത്തിച്ചാണ് ഇവിടത്തെ ഭൂരിപക്ഷം കുടുംബങ്ങളും കഴിയുന്നത്. രണ്ടാഴ്ച്‌ച മുൻപ് ടി. സിദ്ദിഖ് എംഎൽഎ ഇടപെട്ട് കുടിവെള്ള വിതരണം പുനരാരംഭിക്കാൻ ശ്രമം നടന്നെങ്കിലും
റോഡ് പണിക്കിടയിൽ പൊട്ടിയ പൈപ്പിലൂടെ ശുദ്ധജലം പാഴായതിനാൽ ശ്രമം വിഫലമായി.പൈപ്പ് നന്നാക്കാൻ റോഡ് കുഴിച്ചിട്ടതല്ലാതെ മറ്റൊന്നും ഇതുവരെ നടന്നിട്ടില്ല. കെബി റോഡിൻ്റെ താഴെ ഭാഗത്തുള്ള പൊതുകിണറിൽനിന്ന് അതിന് ചുറ്റും താമസിക്കുന്ന കുറച്ച് കുടുംബങ്ങൾക്ക് ഗ്രാമപ്പഞ്ചായത്ത് ഇടപെട്ട് ശുദ്ധജലം വിതരണം ചെയ്യുന്നുണ്ട്. എന്നാൽ കെബി റോഡിന് ഇരുവശവും താമസിക്കുന്ന കുടുംബങ്ങൾക്ക് കുടിവെള്ളമില്ല. എളമ്പലേരി മലയിലെ കാട്ടരുവിയിൽനിന്ന് കടൂരക്കുന്നിലെ ഭീമൻ ജലസംഭരണിയിൽ ശുദ്ധജലമെത്തിച്ചാണ് മേപ്പാടിയിലും പരിസര പ്രദേശങ്ങളിലും വിതരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ അധികം ചെലവില്ലാതെ കാര്യക്ഷമമായി ഇവിടങ്ങളിൽ ശുദ്ധജലം വിതരണം ചെയ്യാൻ കഴിയും.





Leave a Reply