May 1, 2026

ഒ.ആർ. കേളുവിൻ്റെ പ്രസ്താവന ആദിവാസികളോടുള്ള വഞ്ചനയുടെ തുടർച്ച: ആദിവാസി സംഘടനകൾ

0
IMG_20250701_212949
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: മന്ത്രി ഒ.ആർ. കേളുവിൻ്റെ ഏറ്റവും പുതിയ പ്രസ്താവന ആദിവാസി സമൂഹത്തോട് സർക്കാർ കാട്ടുന്ന കൊടിയ വഞ്ചനയുടെ തുടർച്ചയാണെന്ന് ആദിവാസി ഭാരത് മഹാസഭയും ഭൂസമര സമിതിയും സംയുക്ത പ്രസ്താവനയിൽ ആരോപിച്ചു. ഭൂരഹിതരായ മുഴുവൻ ആദിവാസികൾക്കും ഒരേക്കർ ഭൂമി വീതം നൽകുമെന്ന സുപ്രീം കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലത്തിൻ്റെ നഗ്നമായ ലംഘനമാണ് മന്ത്രിയുടെ പ്രസ്താവനയെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.

 

ആദിവാസി ഭൂസംരക്ഷണ നിയമം ഭേദഗതി ചെയ്ത് 1999-ലെ നിയമം മുന്നോട്ട് വെച്ചപ്പോൾ നൽകിയ വാഗ്ദാനം സർക്കാർ ലംഘിക്കുകയാണെന്ന് പ്രസ്താവനയിൽ പറയുന്നു. സംസ്ഥാനത്ത് നടന്ന ആദിവാസി ഭൂസമര പ്രക്ഷോഭ സംഘടനകളുമായി ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥയും കുറഞ്ഞത് ഒരു ഏക്കർ ഭൂമി പതിച്ചു നൽകുമെന്നായിരുന്നു. ഈ ധാരണകളെല്ലാം അട്ടിമറിച്ചാണ് മരിയനാട് ഭൂമി 3000 കുടുംബങ്ങൾക്ക് പതിച്ചു നൽകുമെന്ന സർക്കാർ പ്രഖ്യാപനം.

 

മരിയനാട് ഭൂമി അവിടെ സമരം ചെയ്ത ആദിവാസികൾക്ക് തന്നെ പതിച്ചു നൽകണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് ആദിവാസികൾക്ക് പതിച്ചു നൽകുന്നതിനായി ആയിരക്കണക്കിന് ഏക്കർ ഭൂമി മാറ്റിവെച്ചിട്ടും സർക്കാർ ഇത് പതിച്ചു നൽകാൻ തയ്യാറായിട്ടില്ലെന്നും അവർ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ നാളിതുവരെ യാതൊരു നടപടിയുമെടുക്കാതെ 3000 കുടുംബങ്ങൾക്ക് ഭൂമി നൽകുമെന്ന് പറയുന്നത് ഭരിക്കുന്നവർ കോളനികളുടെ നിർമ്മാണത്തിന് കാണിക്കുന്ന താല്പര്യമാണ്.

 

ഇത്തരം ജാതി കോളനികളെ വെറും ‘ഉന്നതി’ എന്ന് പേരിട്ട് ഇല്ലാതാക്കാനാവില്ലെന്നും, മറിച്ച് ആദിവാസികൾക്ക് ജീവിക്കാനാവശ്യമായ കൃഷിഭൂമിയും വാസയോഗ്യമായ വീടും നൽകിക്കൊണ്ടാണ് അവരെ ഉന്നതിയിലേക്ക് നയിക്കേണ്ടതെന്നും പ്രസ്താവന ഊന്നിപ്പറഞ്ഞു.

 

ഭൂസമരസമിതി കൺവീനർ എം.കെ. ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. ആദിവാസി ഭാരത് മഹാസഭ രക്ഷാധികാരി ഒണ്ടൻ പണിയൻ, പി.ടി. പ്രേമാനന്ദ്, സി.ജെ. ജോൺസൺ, കെ.വി. പ്രകാശ് എന്നിവർ ചർച്ചയിൽ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *