May 2, 2026

വയനാട്ടിലെ മണ്ണിന്റെയും കാപ്പിക്കൃഷിയുടെയും ഭാവിയെച്ചൊല്ലി ആശങ്ക; കോഫി ബോർഡിന് നിവേദനം

0
IMG_20250704_152014
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: വയനാട്ടിലെ മണ്ണിന്റെ ഘടനയിലുണ്ടായ മാറ്റങ്ങളും, ജൈവവൈവിധ്യ ശോഷണവും, കാപ്പിക്കൃഷി നേരിടുന്ന വെല്ലുവിളികളും ചൂണ്ടിക്കാട്ടി കോഫി ഗ്രോവേഴ്‌സ് ആൻഡ് ബയോഡൈവേഴ്‌സിറ്റി കൺസർവേഷൻ കമ്മിറ്റി കോഫി ബോർഡ് ഡെപ്യൂട്ടി ഡയറക്ടർ കറുത്തമണിക്ക് നിവേദനം സമർപ്പിച്ചു. വയനാട്ടിലെ മനുഷ്യൻ മാത്രമല്ല, മണ്ണും “മരിച്ചുകൊണ്ടിരിക്കുകയാണെന്ന്” നിവേദനത്തിൽ ആശങ്ക പ്രകടിപ്പിച്ചു.

 

മണ്ണിന്റെ ഘടന മനസ്സിലാക്കാതെയുള്ള രാസവള പ്രയോഗവും മാരക കീടനാശിനികളുടെ ഉപയോഗവും മണ്ണിലെ സൂക്ഷ്മാണുക്കളെയും, കർഷകന്റെ മിത്രങ്ങളായ കുറുക്കൻ ഉൾപ്പെടെയുള്ള ജീവജാലങ്ങളെയും വംശനാശത്തിലേക്ക് തള്ളിവിടുന്നതായി കമ്മിറ്റി ചൂണ്ടിക്കാട്ടി. കാലാവസ്ഥാ വ്യതിയാനം, ജലസേചനത്തിന്റെ അപര്യാപ്തത, തേനീച്ചകളുടെ വംശനാശം എന്നിവ കാപ്പിയുടെ പരാഗണത്തെ സാരമായി ബാധിക്കുകയും, വിളവ് 40 ശതമാനമായി കുറയുകയും ചെയ്തതായും നിവേദനത്തിൽ പറയുന്നു.

 

 

കാലാവസ്ഥയെ മാത്രം ആശ്രയിച്ച് കൃഷി ചെയ്യുന്ന കാപ്പിക്കർഷകന് ഒരു ഹെക്ടറിൽ നിന്ന് ശരാശരി 1000 കിലോ കാപ്പി ലഭിക്കുമ്പോൾ, ജലസേചനവും തേനീച്ച കോളനികളും ഉള്ള തോട്ടങ്ങളിൽ ഇത് 3700 മുതൽ 4000 കിലോ വരെ ലഭിക്കുന്നുണ്ടെന്ന് നിവേദക സംഘം ചൂണ്ടിക്കാട്ടി. ഒരു ഹെക്ടർ കാപ്പിത്തോട്ടത്തിന് രണ്ട് തേനീച്ച കോളനികൾ വീതം നൽകിയാൽ, രണ്ടുവർഷം കൊണ്ട് അത് പത്ത് കോളനികളായി വർദ്ധിച്ച് കർഷകന് തേനിൽ നിന്ന് വരുമാനവും പരാഗണത്തിലൂടെ കാപ്പിയുടെ വിളവും വർദ്ധിപ്പിക്കാൻ സാധിക്കുമെന്നും കമ്മിറ്റി നിർദ്ദേശിച്ചു.

 

 

മണ്ണിലെ സൂക്ഷ്മാണുക്കളെ ഉൾപ്പെടെ മനസ്സിലാക്കാൻ കഴിയുന്ന ആധുനിക മണ്ണ് പരിശോധനാ ലാബ് വയനാട്ടിൽ സ്ഥാപിക്കണമെന്നും, നിർബന്ധിത മണ്ണ് പരിശോധനയെക്കുറിച്ച് കർഷകരെ ബോധവാന്മാരാക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.

 

പുഴ, കൽക്കുറി, പൊതു കുളം എന്നിവിടങ്ങളിൽ നിന്ന് ഗ്രൂപ്പ് ഫാമിങ്ങിലൂടെ നടത്തുന്ന ജലസേചനത്തിന് കോഫി ബോർഡ് സബ്സിഡി നൽകണമെന്ന മുൻനിർദ്ദേശം അംഗീകരിക്കുകയും, 75 ശതമാനം സബ്സിഡി നൽകാൻ തീരുമാനിച്ചതായും ഡെപ്യൂട്ടി ഡയറക്ടർ കറുത്തമണി നിവേദകസംഘത്തെ അറിയിച്ചു. മറ്റ് കാര്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും, കോഫി ബോർഡ് ചെയർമാൻ ഉൾപ്പെടെ വയനാട്ടിൽ വന്ന് വിഷയം ചർച്ച ചെയ്യാൻ അവസരം സൃഷ്ടിക്കാമെന്നും അദ്ദേഹം ഉറപ്പ് നൽകി.

 

വയനാട്ടിലെ മുഴുവൻ പഞ്ചായത്തുകളിലും സംയുക്തമായി കർഷക കൺവെൻഷനുകൾ വിളിച്ച് ചേർത്ത് ബോധവൽക്കരണ ക്യാമ്പുകൾ സംഘടിപ്പിക്കാനും തീരുമാനമായി. ജലസേചനം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് എഫ്.പി.ഒ.കൾ (ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻസ്) രൂപീകരിക്കുന്നതിനെക്കുറിച്ച് കർഷകരെ ബോധ്യപ്പെടുത്താനും, കോഫി ബോർഡിന്റെ ആനുകൂല്യങ്ങൾ കർഷകരിലേക്ക് എത്തിക്കാനും കമ്മിറ്റിയുടെ സഹായം ഉണ്ടാകുമെന്ന് നിവേദക സംഘവും അറിയിച്ചു.

 

നിവേദക സംഘത്തിൽ പ്രസിഡണ്ട് ടി.സി. ജോസഫ്, സെക്രട്ടറി മനോജ് കുമാർ പടപുരം, പി.ഡി. ദാസൻ, ടി. സന്തോഷ് കുമാർ എന്നിവരുണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *