വിദ്യാനിധി വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി
കൽപ്പറ്റ: വിദ്യാർത്ഥികളെ സഹായിക്കുന്നതിനും അക്കാദമിക് മികവിനെ അംഗീകരിക്കുന്നതിനുമായി ന്യൂ വയനാട് ചാരിറ്റബിൾ സൊസൈറ്റി കൽപ്പറ്റയിൽ “വിദ്യാനിധി വിദ്യാഭ്യാസ പദ്ധതിക്ക്” ഔദ്യോഗികമായി തുടക്കം കുറിച്ചു.
ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിലുള്ള ഈ സംരംഭത്തിന്റെ ആദ്യ ഘട്ടത്തിൽ പഠനോപകരണങ്ങളുടെ വിതരണം, വിവിധ യോഗ്യതാ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ ആദരിക്കൽ, മിടുക്കരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നൽകൽ, “വിജയോത്സവം” പരിപാടികൾ സംഘടിപ്പിക്കൽ എന്നിവ ഉൾപ്പെടുന്നു.
പദ്ധതിയുടെ ഭാഗമായി നാല് സ്കൂളുകളിലെ 252 കുട്ടികൾക്ക് പഠന കിറ്റുകൾ വിതരണം ചെയ്തു.
“വിജയോത്സവം” പരിപാടിയുടെ ഭാഗമായി, എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പൊതു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. കൽപ്പറ്റ ലിയോ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ടി.പി.വി. സുരേന്ദ്രൻ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു.
ചാരിറ്റബിൾ സൊസൈറ്റി പ്രസിഡൻ്റ് ഹാരിസ് തന്നാണി അധ്യക്ഷത വഹിച്ച ചടങ്ങിൽ സൊസൈറ്റി രക്ഷാധികാരി സി.കെ. ഉസ്മാൻ ഹാജി മുഖ്യപ്രഭാഷണം നടത്തി. പി.പി. മുഹമ്മദ് വിദ്യാനിധി പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു.
മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ (എ.ഇ.ഒ) എം. സുനിൽ, കൽപ്പറ്റ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. ശിവരാമൻ, കൗൺസിലർമാരായ വി. വിനോദ് കുമാർ, കെ. ഷിബു, പി. അബ്ദുല്ല (കുഞ്ഞുട്ടി), കെ. കമറുദ്ദീൻ എന്നിവരും ചടങ്ങിൽ പ്രസംഗിച്ചു.
ഇബ്രാഹിം തന്നാണി സ്വാഗതവും ജോ. സെക്രട്ടറി സി.പി. സൈഫുള്ള നന്ദിയും പറഞ്ഞു.





Leave a Reply