നബിയോടുള്ള സ്നേഹം വിശ്വാസത്തിന്റെ ഭാഗം: ജമലുല്ലൈലി തങ്ങള്‍
കണിയാമ്പറ്റ : പ്രവാചകന്‍ മുഹമ്മദ് നബി(സ)യോടുള്ള സ്നേഹം വിശ്വാസത്തിന്റെ ഭാഗമാണെന്ന് എസ്.വൈ.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും കോഴിക്കോട് ഖാസിയുമായ സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ 1500ാം ജന്മദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ആചരിക്കുന്ന ചതുര്‍മാസ റബീഅ് കാമ്പയിന്‍ മീലാദ്@1500 സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.യാക്കോബായ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗ്ഗീസ് മോര്‍ സ്തേഫാനോസ് മെത്രാപ്പോലീത്ത, ഈശ്വരന്‍ നമ്പൂതിരി കല്‍പ്പറ്റ എന്നിവര്‍ മുഖ്യതിഥികളായി.
പ്രവാചകനോടുള്ള സ്നേഹം മുസ്ലിംകളില്‍ പുഴപോലെ ഒഴുകുന്ന ഒന്നാണ്. അത് പൂര്‍വികര്‍ മുതല്‍ തുടര്‍ന്ന് പോരുന്നതാണ്. നബിയുടെ ജന്മദിനത്തില്‍ സന്തോഷിക്കുന്നതും മദ്ഹ് പാടുന്നതുമെല്ലാം പ്രവാചക കാലം മുതല്‍ ഉണ്ട്. ആ പാത പിന്‍പറ്റിയവര്‍ക്ക് വിജയമുണ്ടായെന്നും ചരിത്രം പറയുന്നുണ്ട്. അതു കൊണ്ട് തന്നെ പ്രവാചകന്റെ ജന്മദിനത്തില്‍ സന്തോഷിക്കലും മദ്ഹ് പാടലുമെല്ലാം നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി തുടര്‍ന്നു പോരണം. നബിയോടുള്ള സ്നേഹം പൂര്‍ണമായില്ലെങ്കില്‍ വിശ്വാസം തന്നെ പൂര്‍ണമാകില്ലെന്നത് പണ്ഡിത ശ്രേഷ്ടന്‍മാര്‍ തന്നെ പറഞ്ഞ് വെച്ചിട്ടുണ്ട്. പ്രവാചകന്റെ ചര്യ എന്തെന്ന് സമൂഹത്തിന് മനസിലാക്കി കൊടുക്കാനാവണം ഈ ചതുര്‍മാസ കാമ്പയിനിലൂടെ നാം ലക്ഷ്യം വെക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ സമസ്ത കേന്ദ്ര മുശാവറ അംഗമായി 40 വര്‍ഷം പൂര്‍ത്തിയാക്കിയ കെ.ടി ഹംസ മുസ് ലിയാര്‍ക്ക് എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ ഉപഹാരവും തങ്ങള്‍ നല്‍കി. മൗലിദ് സദസ്സോടെയാണ് പരിപാടിക്ക് തുടക്കമായത്.
കാമ്പയിന്‍ സമിതി ജനറല്‍ കണ്‍വീനര്‍ ഹംസ റഹ്‌മാനി കൊണ്ടിപറമ്പ് ആമുഖപ്രഭാഷണം നടത്തി. ചെയര്‍മാന്‍ കെ.കെ.എസ് തങ്ങള്‍ കാമ്പയിന്‍ വിശദീകരിച്ചു. എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഇബ്രാഹീം ഫൈസി പേരാല്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി ഹംസ മുസ്ലിയാര്‍ അനുഗ്രഹ പ്രഭാഷണവും ശുഐബുല്‍ ഹൈതമി വാരാമ്പറ്റ പ്രമേയ പ്രഭാഷണവും നടത്തി. കെ മുഹമ്മദ്കുട്ടി ഹസനി സമാപന സന്ദേശം നല്‍കി. സയ്യിദ് ആര്‍.പി മുജീബ് തങ്ങള്‍, പി.സി ഇബ്രാഹിം ഹാജി, സി.പി ഹാരിസ് ബാഖവി, കെ.എ നാസര്‍ മൗലവി, മൊയ്തീന്‍ കുട്ടി യമാനി, പി. സുബൈര്‍ ഹാജി, ഷൗക്കത്തലി മൗലവി വെള്ളമുണ്ട, മമ്മൂട്ടി നിസാമി തരുവണ, എ കെ മുഹമ്മദ് ദാരിമി, വി കെ അബ്ദുറഹ്‌മാന്‍ ദാരിമി, സി കെ ഷംസുദ്ദീന്‍ റഹ്‌മാനി,നൗഷീര്‍ വാഫി, റിയാസ് ഫൈസി പാപ്ലശ്ശേരി സംബന്ധിച്ചു.





Leave a Reply