April 29, 2026

പുതിയ വില്ലേജിലെ പുതിയ വീടിനായി കണ്ണും നട്ട് നീലി

0
IMG_20250718_200634
By ന്യൂസ് വയനാട് ബ്യൂറോ

ദുരന്തത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പുഞ്ചിരിമട്ടം പട്ടികവർഗ ഉന്നതിയിലെ താമസക്കാരിയായ നീലിയുടെ പ്രതീക്ഷ മുഴുവൻ സംസ്ഥാന സർക്കാർ നിർമിക്കാൻ പോകുന്ന വെള്ളരിമല പുതിയ വില്ലേജ് പരിസരത്തെ സുരക്ഷാ ഭീഷണിയില്ലാത്ത പുതിയ വീടിനെ ചുറ്റിപ്പറ്റിയാണ്.

 

മുണ്ടക്കൈ-ചൂരൽമല പ്രദേശത്തെ ഉന്നതിക്കാർക്ക് 15 ഏക്കറിൽ സർക്കാർ നിർമിക്കുന്ന വീടുകളിൽ ഒന്ന് നീലിയുടേതായിരിക്കും.

 

2024 ജൂലൈ 29 വൈകുന്നേരം.

ഇടമുറിയാതെ പെയ്ത മഴയില്‍ പട്ടികവർഗ വികസന വകുപ്പിലെ ഓഫീസറും മേപ്പാടി ഗ്രാമപഞ്ചായത്ത് ജീവനക്കാരും ഉന്നതിയിലെ വീട്ടിലെത്തി നിർബന്ധിച്ചതിനാലാണ് നീലിയും ഭർത്താവ് നമ്പൂരിയും അഞ്ചു മക്കളുമൊത്ത് വീട് വീട്ടിറങ്ങിയത്.

 

താഴെ, വെള്ളാര്‍മല സ്‌കൂളിൽ അധികൃതർ ഒരുക്കിയ ക്യാമ്പില്‍ കുടുംബത്തോടൊപ്പം ഉറങ്ങാന്‍ കിടന്നപ്പോഴും വരാനുള്ള വൻ ദുരന്തത്തിന്റെ ഒരു സൂചനയും ആർക്കുമുണ്ടായിരുന്നില്ല.

 

“അര്‍ധരാത്രി ഉരുള്‍പൊട്ടി വന്ന വെള്ളവും ചെളിയും ഞങ്ങള്‍ കിടന്ന ക്ലാസ് മുറിയിലേക്ക് അടിച്ചു കയറിയപ്പഴാണ് വിവരം അറിഞ്ഞത്. അരയ്‌ക്കൊപ്പം വെള്ളത്തിലും ചെളിയിലും കുട്ടികളെ മുറുകെപ്പിടിച്ചു ജീവന് വേണ്ടി റോഡിലേക്ക് ഓടുകയായിരുന്നു. എങ്ങോട്ട് പോകണമെന്ന് അറിയില്ലായിരുന്നു. ഭര്‍ത്താവിനും മക്കൾക്കും മറ്റ് കുടുംബാംഗങ്ങൾക്കുമൊപ്പം അന്ന് ഓടിയ ഓട്ടം മറക്കാന്‍ പറ്റില്ല,” 43-കാരി നീലി പറഞ്ഞു.

 

ദുരന്താനന്തരം കുറേ ദിവസം ക്യാമ്പിൽ കഴിഞ്ഞശേഷം നീലിയും കുടുംബവും മടങ്ങിയത് പട്ടികവർഗ വികസന വകുപ്പ് വാടകയ്ക്ക് ഏർപ്പാടാക്കി നൽകിയ നെടുമ്പാലയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിലേക്കായിരുന്നു. ഇപ്പോഴും അവർ അവിടെയാണ്.

 

“ദുരന്തം നേരിട്ടവര്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച എല്ലാ സഹായങ്ങളും ഞങ്ങള്‍ക്ക് കിട്ടുന്നുണ്ട്. മാസവാടക, ദിനബത്ത, പ്രാഥമിക രേഖകള്‍ ഇല്ലാത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ്, മക്കള്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സൗകര്യം, ആരോഗ്യ വകുപ്പിന്റെ പരിശോധന, റേഷന്‍… എല്ലാ കൃത്യമായി കിട്ടി. ഇപ്പോഴത്തെ വലിയ ആശ്വാസവും സന്തോഷവും സര്‍ക്കാര്‍ കണ്ടെത്തിയ ഭൂമിയില്‍ സ്ഥിരം വീട് എന്നതാണ്. അടച്ചുറപ്പുള്ള, സുരക്ഷയെക്കുറിച്ച് ആധി വേണ്ടാത്ത വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാവാന്‍ കാത്തിരിക്കുകയാണ്,” അവർ കൂട്ടിച്ചേർത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *