കടമാൻതോട്-തൊണ്ടാർ ഡാം പദ്ധതികൾ ജനങ്ങളോടുള്ള വെല്ലുവിളി: എസ്ഡിപിഐ
കൽപ്പറ്റ: പുൽപ്പള്ളിയിലെ കടമാൻതോട് പദ്ധതിക്കും എടവക പഞ്ചായത്തിലെ തൊണ്ടാർ ഡാം പദ്ധതിക്കും വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കാൻ ഭരണാനുമതി നൽകിയ ജലവിഭവ വകുപ്പിന്റെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) വിമർശിച്ചു. പദ്ധതികൾ ഉപേക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്ന് എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് എൻ. ഹംസ ആവശ്യപ്പെട്ടു.
വയനാട് ജില്ലയിൽ നിലവിലുള്ള രണ്ട് ഡാമുകളും കൃഷിക്ക് ആവശ്യമായ ജലം ലഭ്യമാക്കുമെന്ന വാഗ്ദാനത്തിൽ നിർമ്മിച്ചതാണെന്ന് ഹംസ ചൂണ്ടിക്കാട്ടി. എന്നാൽ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഈ പദ്ധതികൾ പൂർത്തിയാക്കാനോ കൃഷി ആവശ്യത്തിന് ജലസേചനം നടപ്പിലാക്കാനോ കഴിഞ്ഞിട്ടില്ല. ഡിപിആർ തയ്യാറാക്കുന്നതിന് മുന്നോടിയായുള്ള ഭൂപ്രകൃതി സർവേയും ലൈഡാർ സർവേയും 2023-ൽ പൂർത്തിയായതാണ്. പദ്ധതിയുടെ വ്യാപ്തി, കുടിയിറക്കേണ്ട ജനങ്ങൾ, ജലമെത്തിക്കാൻ കഴിയുന്ന പ്രദേശങ്ങൾ, ഉപേക്ഷിക്കേണ്ടി വരുന്ന സർക്കാർ-സർക്കാറേതര സ്ഥാപനങ്ങൾ, വീടുകൾ, ആരാധനാലയങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ പഠന റിപ്പോർട്ടിലുണ്ട്.
ആദ്യഘട്ട സർവേകൾ പൂർത്തിയാക്കിയ ശേഷം പദ്ധതിയുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുമെന്ന് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുമ്പ് ഉറപ്പുനൽകിയിരുന്നുവെങ്കിലും അത് പാലിക്കാതെ ഡിപിആറിന് അനുമതി നൽകിയതിൽ ദുരൂഹതയുണ്ടെന്ന് എസ്ഡിപിഐ ആരോപിക്കുന്നു. താരതമ്യേന ചെറിയ ജില്ലയായ വയനാടിന് ഇനിയും വൻകിട ജലസംഭരണികളെ ഉൾക്കൊള്ളാൻ കഴിയുമോ എന്നത് വിശദമായ പഠനങ്ങൾക്ക് വിധേയമാക്കണമെന്ന് ഹംസ ആവശ്യപ്പെട്ടു.
ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ രൂക്ഷമാണെന്നും മെഡിക്കൽ കോളേജ്, ചൂരൽമല-മുണ്ടക്കൈ പുനരധിവാസം, വിദ്യാർത്ഥികളുടെ തുടർപഠന പ്രതിസന്ധി തുടങ്ങിയ പ്രധാന പ്രശ്നങ്ങളെ സർക്കാർ അവഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സാഹചര്യത്തിൽ വൻകിട ഡാം പദ്ധതികളുമായി മുന്നോട്ട് പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് എസ്ഡിപിഐ കുറ്റപ്പെടുത്തി. വൻകിട പദ്ധതികൾ കൊണ്ടുവരുന്നതിൽ അധികാരികൾക്കും ഭരണകക്ഷികൾക്കും സ്വാർത്ഥ താൽപ്പര്യങ്ങളുണ്ടെന്നും ഹംസ ആരോപിച്ചു.
ചെറുകിട പദ്ധതികളിലൂടെ കാവേരി ട്രൈബ്യൂണലിന്റെ വിധി നടപ്പിലാക്കാമെന്നിരിക്കെ, ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിൽ വൻകിട പദ്ധതികൾക്ക് വേണ്ടി പൊതുജനങ്ങളെ കുടിയിറക്കാൻ അനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളുടെ ആശങ്ക പരിഹരിച്ച് പദ്ധതി എന്നെന്നേക്കുമായി ഉപേക്ഷിക്കാൻ അധികൃതർ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ശക്തമായ സമരങ്ങൾക്ക് പാർട്ടി നേതൃത്വം നൽകുമെന്നും ഹംസ മുന്നറിയിപ്പ് നൽകി.





Leave a Reply