കമ്പളക്കാട് കോൺക്രീറ്റ് തൊഴിലാളികളുടെ കൂലി വർദ്ധനവ്: വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മധ്യസ്ഥതയിൽ ഒത്തുതീർപ്പ്
കമ്പളക്കാട്: യാതൊരു മുന്നറിയിപ്പുമില്ലാതെ കോൺക്രീറ്റ് പണിക്കാർ കൂലി വർദ്ധിപ്പിച്ചതിനെ തുടർന്നുണ്ടായ തർക്കം പരിഹരിക്കുന്നതിനായി കമ്പളക്കാട് ഏരിയയിലെ കോൺട്രാക്ടർമാരും കോൺക്രീറ്റ് മേസ്തിരിമാരും തമ്മിൽ കമ്പളക്കാട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ മധ്യസ്ഥതയിൽ ചർച്ച നടത്തി. സമിതി പ്രസിഡന്റ് അസ്ലം ബാവ, സെക്രട്ടറി കടവൻ താരീഖ്, ട്രഷറർ രവിയേട്ടൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടു.
ചർച്ചയിലെ പ്രധാന തീരുമാനങ്ങൾ:
ദിവസക്കൂലി നിശ്ചയിച്ചു: കോൺക്രീറ്റ് തൊഴിലാളികളുടെ ദിവസക്കൂലി 850 രൂപയായി നിജപ്പെടുത്തി.
ജോലി പൂർത്തിയാക്കണം: കോൺക്രീറ്റ് പണികൾക്ക് ശേഷം അതുമായി ബന്ധപ്പെട്ട മറ്റു ജോലികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ തൊഴിലാളികൾ സൈറ്റിൽ നിന്ന് മടങ്ങാവൂ.
തൊഴിലാളികളുടെ എണ്ണം: കരാറുകാർ ആവശ്യപ്പെടുന്ന എണ്ണം പണിക്കാരെ മാത്രമേ സൈറ്റിൽ കൊണ്ടുപോകാവൂ. എന്നാൽ തൊഴിലാളികളെ ബുദ്ധിമുട്ടിക്കാതിരിക്കാൻ ആവശ്യത്തിന് പണിക്കാരെ സൈറ്റിൽ എത്തിക്കണം.
കൂടുതൽ കൂലി: ശവ്വൽ കുത്തുന്ന പണിക്കാർക്കും ചട്ടി പിടിക്കുന്ന പണിക്കാർക്കും 50 രൂപ അധികമായി നൽകും.
മേസ്തിരി കൂലി ഒഴിവാക്കി: തൊഴിലാളികൾ അല്ലാത്ത ഒരു മേസ്തിരി കൂലി എന്ന സംവിധാനം ഇനി ഉണ്ടാകില്ല.
കൂലി വർദ്ധനവ് താൽക്കാലികമായി നിർത്തിവെച്ചു: 2026 ജൂലൈ മാസം വരെ കൂലി വർദ്ധിപ്പിക്കില്ലെന്ന് തീരുമാനിച്ചു.
മാന്യമായ പെരുമാറ്റം: തൊഴിലാളികൾ തൊഴിലുടമയോടും കരാറുകാരോടും മാന്യമായി പെരുമാറണം.
ഈ തീരുമാനങ്ങൾ ഇരുകൂട്ടരും അംഗീകരിക്കുകയും വയനാട് ജില്ലയിലെ എല്ലാ കോൺട്രാക്ടർമാരെയും ഈ വിവരം അറിയിക്കാനും ഇതനുസരിച്ച് കൂലി നിജപ്പെടുത്താനും എല്ലാവരുടെയും സഹകരണം ഉറപ്പാക്കാനും യോഗം അഭ്യർത്ഥിച്ചു.
ചർച്ചയിൽ എം.കെ. ഷെരീഫ്, മാധുരിയിൽ മുഹമ്മദ്, അനൂപ് ഫ്രാൻസിസ്, കല്ലൂർകാരൻ അപ്പു, ശിവരാമൻ അബ്ദുൽബാരി, അമ്പാടി സുരേഷ് എന്നീ കോൺട്രാക്ടർമാരും പ്രഭു, അബ്ദുള്ള, മുരുകൻ കാദിർ, ശ്രീനിവാസൻ എന്നീ കോൺക്രീറ്റ് മേസ്തിരിമാരും സംസാരിച്ചു. യോഗത്തിൽ ഏകദേശം 30 കോൺട്രാക്ടർമാരും 14 മേസ്തിരിമാരും പങ്കെടുത്തു.





Leave a Reply