ജനകീയ പങ്കാളിത്തത്തോടെ താൽക്കാലിക തൂക്കുവേലി യാഥാർഥ്യമായി
പുൽപ്പള്ളി: വനം വകുപ്പിന്റെ മിഷൻ ഫെൻസിങ്ങിന്റെ ഭാഗമായി, ജനകീയ പങ്കാളിത്തത്തോടെ നെയ്‌കുപ്പ മുതൽ പാത്രമൂല വരെ രണ്ട് കിലോമീറ്റർ ദൂരത്തിൽ താൽക്കാലിക തൂക്കു വേലി നിർമ്മിച്ചു. ഇത് പദ്ധതിയുടെ മൂന്നാം ഘട്ടമാണ്.
വനജീവികളുടെ ശല്യം രൂക്ഷമായ കക്കോടൻ ബ്ലോക്ക്, നെയ്‌കുപ്പ, പാത്രമൂല ഭാഗങ്ങളിലെ കർഷകരും പ്രദേശവാസികളും മുൻകൈയെടുത്താണ് ഈ വേലി നിർമ്മാണം സാധ്യമാക്കിയത്. വനം വകുപ്പിന്റെ നേതൃത്വത്തിൽ നെയ്‌കുപ്പ വന സംരക്ഷണ സമിതിയുടെ സഹായത്തോടെയാണ് ഫെൻസിങ് പ്രവർത്തി പൂർത്തിയാക്കിയത്.
കക്കോടൻ ബ്ലോക്ക് മുതൽ മണൽ വയൽ വരെ ഒന്നര കിലോമീറ്റർ ദൂരത്തിൽ താൽക്കാലിക ഫെൻസിങ് നിർമ്മിച്ചതായിരുന്നു ആദ്യ ഘട്ടം. ഇത് പൂർണ്ണ വിജയമാണെന്ന് കണ്ടതിനെത്തുടർന്ന്, ഒരു കിലോമീറ്റർ ദൂരത്തിൽ മണൽ വയൽ മുതൽ നെയ്‌കുപ്പ വരെയും ഇപ്പോൾ നെയ്‌കുപ്പ മുതൽ പാത്രമൂല വരെയും താൽക്കാലിക ഫെൻസിങ് പൂർത്തിയാക്കിയിരിക്കുകയാണ്.
ഈ വനാതിർത്തിയോട് ചേർന്ന ഗ്രാമങ്ങളിൽ കാട്ടാനകൾ നിരന്തരം ഇറങ്ങി കൃഷിയും വാഹനങ്ങളും കെട്ടിടങ്ങളും തകർക്കുന്നത് പതിവായിരുന്നു. ഈ പുതിയ വേലി പ്രദേശവാസികൾക്ക് വലിയ ആശ്വാസമാണ് നൽകുന്നത്.
ജോസ് മാത്യു വടക്കാഞ്ചേരിൽ, വി.ജെ. തോമസ് വടക്കാഞ്ചേരിൽ, ഷാന്റി ചേനപ്പാടി എന്നിവരുടെ നേതൃത്വത്തിൽ നാൽപ്പതിലധികം കർഷകരും പ്രദേശവാസികളും ഈ പ്രവർത്തിയിൽ പങ്കെടുത്തു. ചെതലത്ത് റെയിഞ്ച് ഓഫീസർ എം.കെ. രാജീവ് കുമാർ, ഡെപ്യൂട്ടി റെയിഞ്ചർ എ. നിജേഷ്, പുൽപ്പള്ളി സ്റ്റേഷനിലെ ജീവനക്കാർ, വാച്ചർമാർ എന്നിവരും ഈ ജനകീയ സംരംഭത്തിൽ പങ്കാളികളായി.





Leave a Reply