കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകയായി പടിഞ്ഞാറത്തറയിലെ യുവ കൂട്ടായ്മ
പടിഞ്ഞാറത്തറ: കായിക രംഗത്ത് ശ്രദ്ധേയമായ സാന്നിധ്യമായിരിക്കുമ്പോള്‍ത്തന്നെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മാതൃകാപരമായ നിലപാടുകളുമായി പടിഞ്ഞാറത്തറയിലെ സംസ്‌കാര ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വേറിട്ടുനില്‍ക്കുന്നു. ഫുട്‌ബോള്‍, ക്രിക്കറ്റ് തുടങ്ങിയ കായിക ഇനങ്ങളില്‍ മികച്ച മത്സരങ്ങള്‍ സംഘടിപ്പിച്ച് വയനാട്ടിലും സമീപ ജില്ലകളിലും തങ്ങളുടെ പേര് അടയാളപ്പെടുത്തിയ ഈ യുവജന കൂട്ടായ്മ, കാരുണ്യ പ്രവര്‍ത്തനങ്ങളെയും ഒരു ലഹരിയായി കാണുന്നുണ്ടെന്ന് ക്ലബ്ബ് ഭാരവാഹികള്‍ പറയുന്നു.
സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രധാന താങ്ങും തണലുമാണ് ക്ലബ്ബ് അംഗങ്ങള്‍. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് സാമ്പത്തിക സ്രോതസ്സുകള്‍ നിലച്ചപ്പോഴും, പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകുന്നതിനും, പടിഞ്ഞാറത്തറയിലെ സാധാരണക്കാരായ രോഗികള്‍ക്ക് കുറഞ്ഞ വിലയില്‍ മരുന്നുകള്‍ ലഭ്യമാക്കുന്നതിനായി ‘തണല്‍’ ഫാര്‍മസി ആരംഭിക്കുന്നതിനും ഈ യുവാക്കളുടെ സാമ്പത്തിക പിന്തുണ നിര്‍ണ്ണായകമായിരുന്നു.
സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് ആധുനിക രീതിയില്‍ കാര്യക്ഷമമാക്കുന്നതിനും ക്ലബ്ബ് വലിയ പിന്തുണ നല്‍കി. പ്രവാസിയായ ശ്രീമതി അഞ്ജുഷ മാത്യുവിന്റെ സഹായം ഉള്‍പ്പെടെ, ധനസമാഹരണത്തിലൂടെ ഒരു ലക്ഷം രൂപ വിലവരുന്ന ലാപ്‌ടോപ്, ഡെസ്‌ക്ടോപ്, പ്രിന്റര്‍, പാലിയേറ്റീവ് സോഫ്റ്റ്വെയര്‍ എന്നിവ ക്ലബ്ബ് വാങ്ങി നല്‍കി.
കായികപ്രേമവും കാരുണ്യ പ്രവര്‍ത്തനങ്ങളും തങ്ങള്‍ക്ക് ആവേശവും ആനന്ദവും നല്‍കുന്ന ലഹരിയാണെന്ന് ക്ലബ്ബ് അംഗങ്ങള്‍ പറയുന്നു. ക്ലബ്ബിന്റെ ഈ പ്രശംസനീയമായ പ്രവര്‍ത്തനങ്ങളെ അനുമോദിക്കുന്നതിനും, ഉപകരണങ്ങള്‍ ഏറ്റുവാങ്ങുന്നതിനുമായി ആഗസ്റ്റ് മൂന്നിന് ഞായറാഴ്ച വൈകുന്നേരം നാലുമണിക്ക് പാലിയേറ്റീവ് ക്ലിനിക്കില്‍ വെച്ച് ഒരു പൊതുയോഗം ചേര്‍ന്നു.
സംസ്‌കാര പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ ഭാരവാഹികളായ പി. മായന്‍, എ. അബ്ദുറഹിമാന്‍, പി.ജെ. മാത്യു എന്നിവര്‍ ക്ലബ്ബിന്റെ സാരഥികളായ അഷ്‌റഫ്, മുനീര്‍ എന്നിവരില്‍ നിന്ന് ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. വയനാട് ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ എം. മുഹമ്മദ് ബഷീര്‍ യോഗനടപടികള്‍ ഉദ്ഘാടനം ചെയ്തു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് വര്‍ഗീസ്, മുസ്ലിം ലീഗ് വയനാട് ജില്ലാ സെക്രട്ടറി ഹാരിസ് കണ്ട്യന്‍, വ്യാപാരി യൂത്ത് വിംഗ് പ്രസിഡന്റ് ജലീല്‍ ടീനേജ്, ഫൗസിയ ഷാജു, ദിനേശന്‍ കാവര, ദിവാകരന്‍ മാസ്റ്റര്‍, സുധീര്‍ മാസ്റ്റര്‍, ക്ലബ് പ്രസിഡന്റ് അഷ്‌റഫ്.പി, മുനീര്‍ പിഡു എന്നിവര്‍ യോഗത്തില്‍ ആശംസകള്‍ നേര്‍ന്നു. സാമൂഹിക പ്രതിബദ്ധതയുടെയും യുവശക്തിയുടെയും മികച്ച ഉദാഹരണമായി മാറിയിരിക്കുകയാണ് പടിഞ്ഞാറത്തറയിലെ ഈ ക്ലബ്ബ്.





Leave a Reply