മരിയനാട് ഭൂസമരം: തോട്ടം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു
പുല്‍പള്ളി: മൂന്നു വര്‍ഷമായി ഭൂസമരം നടക്കുന്ന മരിയനാട്ട് ഭൂമി അളന്നുതിരിക്കാനെത്തിയ ഉദ്യോഗസ്ഥരെ സമരക്കാര്‍ തടഞ്ഞു. വനം വികസന കോര്‍പറേഷന്‍ ഉടമസ്ഥതയിലുള്ള 238 ഹെക്ടര്‍ സ്ഥലം ഭൂരഹിതരായ ഗോത്ര വിഭാഗങ്ങള്‍ക്ക് പതിച്ചു നല്‍കാന്‍ നീക്കിവച്ചിട്ടുള്ളതാണ്. 1995 ല്‍ ഭൂമി നല്‍കണമെന്ന് സുപ്രിം കോടതി വിധിയുമുണ്ടായി. വിവിധ ഗോത്ര സംഘടനകളുടെ നേതൃത്വത്തില്‍ 400 ല്‍ പരം കുടുംബങ്ങള്‍ തോട്ടത്തില്‍ കുടില്‍ കെട്ടി കഴിയുന്നുണ്ട്. മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത 15 കുടുംബങ്ങള്‍ക്ക് മരിയനാട്ട് ഭൂമി അളന്നു നല്‍കാനാണ് റവന്യു സംഘമെത്തിയത്. എന്നാല്‍ ഉദ്യോഗസ്ഥ സംഘത്തെ സമരക്കാര്‍ തടഞ്ഞു. വര്‍ഷങ്ങളായി കുടില്‍ കെട്ടി സമരം നടത്തുന്നവര്‍ക്ക് ആദ്യം ഭുമി നല്‍കണമെന്നായിരുന്നു സമരക്കാരുടെ നിലപാട്.
രണ്ടാഴ്ച മുന്‍പും സര്‍വേ സം ഘത്തെ മടക്കി വിട്ടിരുന്നു. തുടര്‍ന്ന് കലക്ടറേറ്റില്‍ യോഗം വിളിച്ചിരുന്നു. ഗോത്ര സംഘടനകള്‍ അന്നും എതിര്‍പ്പ് വ്യക്തമാക്കിയിരുന്നു. കോടതി വിധി നടപ്പാക്കുന്നതിനാണ് റവന്യു സംഘം വീണ്ടുമെത്തിയത്. പൊലിസ് കാവലിലെത്തിയ ഉദ്യോഗസ്ഥര്‍ പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയായിരുന്നു. തോട്ടത്തിലെ മുഴുവന്‍ സ്ഥലവും അളന്ന ശേഷം അര്‍ഹത നോക്കി തിരിച്ചു കൊടുക്കണമെന്നായിരുന്നു സമരക്കാരുടെ ആവശ്യം. കുടില്‍ കെട്ടി ജീവിക്കുന്നവര്‍ക്ക് ഓരോ ഏക്കര്‍ സ്ഥലം വീതം നല്‍കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. ഭൂമിപ്രശ്‌ന പരിഹാരത്തിന് 12 ന് മന്ത്രിതല യോഗം ചേരുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. സമരസമിതി ഭാരവാഹികളായ ബി.വി. ബോളന്‍, എ. ചന്തുണ്ണി, ബീന ശ്രീകുമാര്‍ , ചിത്ര മരിയനാട് എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി.





Leave a Reply