ലൈല സൈനിന് ഏഴാമത് കേരള ബാലസാഹിത്യ പുരസ്‌കാരം
കല്‍പ്പറ്റ:കേരള ബാലസാഹിത്യ അക്കാദമിയുടെ ഏഴാമത് കേരള ബാലസാഹിത്യ പുരസ്‌കാരം എഴുത്തുകാരിയും വിദ്യാഭ്യാസ പ്രവര്‍ത്തകയുമായ ലൈല സൈനിന് ലഭിച്ചു. ഓപ്പറേഷന്‍ @കൂനിമുത്തിക്കുന്ന് എന്ന നോവലിനാണ് ഏറ്റവും മികച്ച ബാലനോവല്‍ വിഭാഗത്തിന്റെ പുരസ്‌കാരം ലഭിച്ചത്.പരിസ്ഥിതിക്കും, മൃഗങ്ങള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്ന ഒരു കൂട്ടം സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥ പറയുകയാണ് ഈ നോവല്‍.ബാലസാഹിത്യകാരന്‍ ഉല്ലല ബാബുവിന്റെ സ്മരണാര്‍ഥം നല്‍കുന്ന പുരസ്‌കാരമാണിത്.
‘ഹന്നയുടെ സ്പിന്‍സ്റ്റര്‍ പാര്‍ട്ടി’ എന്ന ചെറുകഥാ സമാഹാരവും ലൈല എഴുതിയിട്ടുണ്ട്. വിവര്‍ത്തക കൂടിയായ ലൈല സൈന്‍
കസുവോ ഇഷിഗുരോയുടെ ദിവസത്തിന്റെ ശേഷിപ്പുകള്‍, മൂടല്‍മഞ്ഞ്, നിഴലായ്, മാക്‌സിം ഗോര്‍ക്കിയുടെ കുട്ടിക്കാലം, കൗണ്ട് ഓഫ് മോണ്ടി ക്രിസ്റ്റോ, ആന്‍ ഓഫ് ഗ്രീന്‍ ഗാബ്ള്‍സ് എന്നീ നോവലുകള്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിട്ടുണ്ട്. ‘മാറ്റത്തിന്റെ കുതിപ്പ് എന്ന’ പേരില്‍ ഒരു ജീവചരിത്രവും എഴുതിയിട്ടുണ്ട്. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മര്‍ക്കസ് ഇന്റര്‍നാഷണല്‍ ഹൈബ്രിഡ് സ്‌കൂള്‍ അധ്യാപികയായ ലൈല കോഴിക്കോട് ഫറോക്ക് സ്വദേശിനിയാണ്.ഈ മാസം 16ന് തൃശൂര്‍ എന്‍.ജി. ഒ.ഹാളില്‍ വെച്ചാണ് അവാര്‍ഡ്ദാനച്ചടങ്ങ് നടക്കുന്നത്





Leave a Reply