ചുരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പ്രതിഷേധം ശക്തമാകുന്നു
മാനന്തവാടി: കോഴിക്കോട്-വയനാട് ചുരത്തിൽ തുടർച്ചയായി രണ്ടു ദിവസമായി അനുഭവപ്പെടുന്ന ഗതാഗതക്കുരുക്കിൽ ജനരോഷം ഉയരുന്നു. പ്രശ്നം പരിഹരിക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് ആരോപിച്ച് കെ.പി.സി.സി. സംസ്കാര സാഹിതി ജില്ലാ പ്രസിഡന്റ് സുരേഷ് ബാബു വാളൽ രംഗത്തെത്തി. മുഖ്യമന്ത്രിയും വയനാട്ടിലെയും വയനാടിന്റെ ചുമതലയുള്ള മന്ത്രിമാരും നോക്കുകുത്തികളായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
യാത്രാതടസ്സത്തിൽ വലയുന്ന ജനങ്ങൾക്ക് സഹായമെത്തിക്കേണ്ടവർ നിസ്സംഗത പുലർത്തുകയാണെന്ന് സുരേഷ് ബാബു പ്രസ്താവനയിൽ പറഞ്ഞു. ഇടതുസർക്കാർ വയനാട്ടുകാരെ അപഹസിക്കുകയാണെന്നും ഇത് നാടിന്റെ ശാപമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വർഷങ്ങളായി ചുരത്തിൽ സ്ഥിരമായി പോലീസിന്റെയോ മറ്റ് രക്ഷാപ്രവർത്തന സംഘങ്ങളുടെയോ സേവനം ലഭ്യമല്ല. ‘ചുരം സംരക്ഷണ സമിതി’ എന്ന പേരിൽ നാട്ടുകാരാണ് നിലവിൽ യാത്രാദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമാകുന്നത്.
ചുരം പാത വയനാട് ജില്ലയുടെ പരിധിയിൽ കൊണ്ടുവന്ന് സ്ഥിരം യാത്രാ സുരക്ഷാ സംവിധാനങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തയ്യാറാകണമെന്ന് സുരേഷ് ബാബു ആവശ്യപ്പെട്ടു. കോഴിക്കോട് കളക്ടറെപ്പോലും ഫലപ്രദമായി ഇടപെടുത്താൻ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സാധിക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.





Leave a Reply